കൽപ്പറ്റ > ‘കിളികൾ വള കിലുക്കണ വള്ളിയൂർക്കാവിൽ, കളഭം പൊഴിയും ഇക്കിളികൂട്ടിൽ….’ മലയാളത്തിന് കദളി, ചൈങ്കദളി എന്ന ഒരേ ഒരു ഗാനം സമ്മാനിച്ച ഇന്ത്യയുടെ വാനമ്പാടി വിടവാങ്ങുമ്പോൾ ആ ശബ്ദ സൗകുമാര്യം മലയാളത്തിൽ ആദ്യമായി അടയാളപ്പെടുത്തിയതിന്റെ അഭിമാനത്തിലാണ് വയനാട്.
ഗ്രാമീണ പരിപ്രേക്ഷ്യവും ഗോത്ര സംസ്കൃതിയുമെല്ലാം തുളുമ്പുന്ന ഗാനം വയനാടിന്റെയും വള്ളിയൂർക്കാവിന്റെ പ്രശസ്തിക്കും ചെറുതല്ലാത്ത പങ്ക് വഹിച്ചു. എഴുത്തുകാരി വത്സലയുടെ നെല്ല് എന്ന നോവലിന്റെ സിനിമാവിഷ്ക്കരമായ നെല്ല് സിനിമക്കായാണ് ലതാമങ്കേഷ്കർ ആദ്യമായും അവസാനമായും മലയാളത്തിൽ പാടുന്നത്. തിരുനെല്ലിയിലും വള്ളിയൂർക്കാവിലും പരിസരപ്രദേശങ്ങളിലുമായായിരുന്നു നെല്ലിന്റെ ചിത്രീകരണം.
വയനാടൻ കാടുകളുടെ സൗന്ദര്യം രചനയിൽ പകർത്തിയാടി വയലാറും കാടിന്റെ സംഗീതവും കിളികളുടെ കളകളാരവങ്ങളുമെല്ലാം സംഗീതത്തിൽ അലിയിച്ച് സലീൽ ചൗധരിയും ‘കദളി ചെങ്കദളി’ക്ക് ശോഭയേകുമ്പോൾ താൻ നേരിട്ട് കണ്ടട്ടില്ലാത്ത നാടിന്റെ ലാളിത്യവും വിശുദ്ധിയും ലതാമങ്കേഷ്കരുടെ സുന്ദരമായ ആലാപനത്തിലൂടെ ജനഹൃദയങ്ങളിൽ കുളിരായി മാറുകയായിരുന്നു. സംഗീതത്തിലൂടെ ലോകം കീഴടക്കിയ ലതാജി വയനാട് എന്ന് കൊച്ചു നാടിനും ഓർമകളുടെ വളപ്പൊട്ട് സമ്മാനിച്ചാണ് വിടവാങ്ങുന്നത്.