കൊച്ചി > മലയാളം ചാനലുകൾ മുന്കൂട്ടി സെറ്റ് ചെയ്തുവച്ച് വാര്ത്തയ്ക്കുവേണ്ടി സ്വപ്നയെക്കൊണ്ട് തങ്ങള്ക്ക് ആവശ്യമുള്ളവ മാത്രം പറയിപ്പിച്ചെടുക്കുകയായിരുന്നോ എന്ന ചോദ്യവുമായി മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശശികുമാർ. എം ശിവശങ്കര് എഴുതിയ “അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകം ഇറങ്ങിയശേഷം ചാനലുകൾ നടത്തിയ അഭിമുഖങ്ങളെ സംബന്ധിച്ചാണ് ശശികുമാറിന്റെ വിമർശനം. ഓൺലൈൻ പോർട്ടലായ “അഴിമുഖ’ ത്തോടാണ് ശശികുമാറിന്റെ പ്രതികരണം.
സ്വപ്ന സുരേഷ് വായിച്ചിരുന്നോ? അവര് സ്വന്തം നിലയില് ആ പുസ്തകം വായിച്ചതിനുശേഷമാണോ മാധ്യമങ്ങള്ക്കു മുന്നില് പ്രതികരിക്കാന് തയ്യാറായത്? തുടങ്ങിയ ചോദ്യങ്ങളാണ് ശശികുമാർ ഉയര്ത്തുന്നത്. സമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്ത്തികള് മാധ്യമങ്ങളുടെ നിലനില്പ്പിന് തന്നെ ഭീഷണിയാണെന്നും ശശികുമാർ ഓര്മിപ്പിക്കുന്നു. മാധ്യമങ്ങള് സ്വന്തമായി അജണ്ടകള് സെറ്റ് ചെയ്ത് പ്രവര്ത്തിക്കുന്നു എന്നല്ല. പക്ഷേ, അവര് ആരുടെയോ കളിപ്പാവകള് ആകുന്നുണ്ട്. അതിനു നിന്നുകൊടുക്കുകയല്ലായിരുന്നു വേണ്ടത്. ആരുടെ, എന്തു തരത്തിലുള്ള അജണ്ടകളാണ് നടക്കുന്നതെന്ന് അന്വേഷിച്ചറിയണമായിരുന്നു. സ്വര്ണക്കടത്ത് കേസ് വിചാരച്ചതുപോലെ വിജയിപ്പിച്ചെടുക്കാന് കഴിയതെ പോയതിന്റെ ഇച്ഛഭംഗവും നിരാശയും കൊണ്ടു നടക്കുന്നവരുണ്ട്.
സ്വപ്നയ്ക്ക് പറയാന് എന്തെങ്കിലും ഉണ്ടെങ്കില് അതിനുള്ള സാഹചര്യമൊരുക്കി കൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ, ഇവിടെ നടന്നത്, മാധ്യമങ്ങള് സെറ്റ് ചെയ്തു വച്ചിരുന്നു സ്റ്റോറിക്കു വേണ്ടി അവരെക്കൊണ്ട് കാര്യങ്ങള് പറയിപ്പിച്ചെടുക്കുകയായിരുന്നു. എം ശിവശങ്കര് ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുന്നു. ആ പുസ്തകത്തിലെ ചില കാര്യങ്ങളോട് സ്വപ്ന സുരേഷ് പ്രതികരിക്കുന്നു. ആ പ്രതികരണങ്ങള്കൊണ്ട് സ്വര്ണക്കടത്ത് കേസ് വീണ്ടും കുത്തിപ്പൊക്കി സെന്സേഷണലിസം ഉണ്ടാക്കാനായി മാധ്യമങ്ങള് രംഗത്തിറങ്ങുന്നു.
ശിവശങ്കര് പുസ്തകം എഴുതിയ സാഹചര്യത്തില് സ്വപ്ന പരസ്യമായി പ്രതികരണത്തിന് തയ്യാറായതിനു കാരണം എന്തായിരിക്കും?. സ്വപ്നയെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ? ആരുടെയെങ്കിലും നിര്ദേശപ്രകാരമായിരിക്കുമോ ശിവശങ്കറിനെതിരേ അവരിപ്പോള് സംസാരിക്കുന്നത്? ഈ സാഹചര്യം തനിക്കെതിരെയുള്ള കുറ്റാരോപണങ്ങളുടെ ശക്തി കുറയ്ക്കാനായി ഉപയോഗപ്പെടുത്താമെന്നുള്ള ലീഗല് സ്ട്രാറ്റജി അവര് പ്രയോഗിക്കുന്നുണ്ടോ? അതോ, മറ്റുതരത്തിലുള്ള അജണ്ടകള് പ്രവര്ത്തിക്കുന്നുണ്ടോ? സ്വപ്നയെയും ശിവശങ്കറിനെയും തമ്മില് തെറ്റിക്കുക, സര്ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കുക തുടങ്ങിയ താത്പര്യങ്ങള് ആര്ക്കെങ്കിലുമുണ്ടോ? ഉണ്ടെങ്കില് ആര്ക്ക്?.
ഏതോ നാല്ക്കവലയിലെ കലുങ്കിലിരുന്ന് പറയുന്ന പരദൂഷണം കണക്കെയുള്ള വാര്ത്തകളും തലക്കെട്ടുകളും തയ്യാറാക്കുന്നു. ഒരു സ്ത്രീയും പുരുഷനും തമ്മില് അടുത്ത ബന്ധമുണ്ടെന്ന പറഞ്ഞാല്, ആ ബന്ധം വളരെ മോശം ബന്ധമായിരിക്കുമെന്ന തരത്തില് വ്യാഖ്യാനങ്ങള് ചമച്ച് വാര്ത്തകളാക്കുന്നു. അദ്ദേഹത്തിന് ഏതു രാത്രിയിലും എന്റെ വീട്ടില് വരാന് സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞാല്, അതിന് മോശമായൊരു അര്ത്ഥം മാത്രമെയുള്ളോ? ഇന്ത്യയിലെ ഏറ്റവും വലിയ പുരോഗമന സംസ്ഥാനത്ത് ഒരു ആണും പെണ്ണും ഒരുമിച്ചിരുന്ന് മദ്യപിച്ചുവെന്ന് കേട്ടാല് അതാണ് അന്നത്തെ പ്രധാന തലക്കെട്ട്! കേരളത്തിന്റെ ഫ്യൂഡല് മനസ്ഥിതിയാണിത്. സ്ത്രീ-പുരുഷ തുല്യതയും ആര്ട്ടിക്കിള് 14 ഉം ഒന്നും അവര് കണക്കാക്കുകയേയില്ല. ഏതൊന്നിനെയും വികൃത സ്വഭാവത്തോടെ നോക്കി കാണുന്നതിന്റെ കുഴപ്പമാണിത്.
ഈ സ്വഭാവം മാറ്റിയില്ലെങ്കില് മാധ്യമങ്ങളുടെ നിലനില്പ്പിനെയതു ബാധിക്കും. പൊതുജനങ്ങള്ക്കും കാര്യങ്ങള് മനസിലായി തുടങ്ങിയിട്ടുണ്ട്. നാളെ മാധ്യമങ്ങളെ നിശബ്ദരാക്കാന് ഭരണകൂടം എന്തെങ്കിലും നിയമം കൊണ്ടുവന്നാല് അത് നല്ലതാണ്, വേണ്ടതാണ് എന്നേ സമൂഹം പറയൂ. സോഷ്യല് മീഡിയയെ നിയന്ത്രിക്കാനുള്ള നീക്കം സര്ക്കാര് തുടങ്ങി കഴിഞ്ഞു. ജനപ്രതിനിധികള് അതിനെ അനുകൂലിക്കുകയാണ്. പൊതു അഭിപ്രായങ്ങള് വരുന്നതും സമാനമായിട്ടാണ്. സോഷ്യല് മീഡിയയും മറ്റ് മീഡിയകളും തമ്മില് വലിയ വ്യത്യാസമൊന്നും ഇന്നില്ലെന്ന് മനസിലാക്കണം – ശശികുമാർ “അഴിമുഖ’ ത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.