തിരുവനന്തപുരം > വിശ്വാസം ചതിച്ചില്ലെന്ന് കേരളത്തിന്റെ മരുമകൾ. കേട്ടറിഞ്ഞ കേരളത്തിന്റെ ആരോഗ്യസംവിധാനത്തിലുള്ള വിശ്വാസത്താലാണ് ഉത്തർപ്രദേശുകാരി സുമൻ സിങ് ഒമ്പതാം മാസം പ്രസവത്തിനായി ബിഹാറിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി സംസ്ഥാനത്തെത്തിയത്. ദിവസങ്ങൾമുമ്പ് തെെക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇവർ പെൺകുഞ്ഞിന് ജന്മം നൽകി. ആറ്റിങ്ങൽ സ്വദേശി എം മുനീറിനെ വിവാഹം കഴിച്ചാണ് സുമൻ കേരളത്തിന്റെ മരുമകളായത്.
പട്നയിലെ സർക്കാർ കോളേജിൽ അസി. പ്രൊഫസറായ താൻ ആദ്യപ്രസവം ജനിച്ച യുപിയിലോ ജോലി ചെയ്യുന്ന ബിഹാറിലോ വേണ്ടെന്നുവച്ചത് കേരളത്തിലെ ആരോഗ്യസംവിധാനം മികച്ചതായതിനാലെന്ന് ഇവർ പറഞ്ഞു. ഉത്തർപ്രദേശിൽ സാധാരണക്കാർക്ക് ഇത്തരം സൗകര്യം പ്രതീക്ഷിക്കാനാകില്ല. കേരളത്തിലെപ്പോലുള്ള സർക്കാർ ആശുപത്രി സംവിധാനം മറ്റ് സംസ്ഥാനങ്ങളിൽ ഇല്ല. ചികിത്സക്ക് വർഷങ്ങളോളം കാത്തിരുന്ന് മരിച്ചുപോകുന്നവരെക്കുറിച്ച് ആരും അറിയുന്നുപോലുമില്ല.
കോവിഡ് രണ്ടാംതരംഗത്തിൽ ആയിരക്കണക്കിന് പേർ ചികിത്സ കിട്ടാതെ വീടുകളിൽ മരിച്ചു. ഇവരുടെ കണക്ക് കോവിഡ് മരണ പട്ടികയിൽവരാറില്ല. സാധാരണ മരണമായതിനാൽ സാമ്പത്തികസഹായം ലഭ്യമാകില്ലെന്നും സുമൻ പറഞ്ഞു. കർഷക കുടുംബത്തിൽ ജനിച്ച സുമന്റെ ബിരുദ, ബിരുദാനന്തര പഠനം ബനാറസിലായിരുന്നു. എംഫില്ലും പിഎച്ച്ഡിയും ജെഎൻയുവിലും. തുടർന്ന് മുംബെെയിൽ അധ്യാപികയായി. മൂന്നുവർഷം മുമ്പാണ് ബിഹാറിൽ അധ്യാപികയാകുന്നത്.