തിരുവനന്തപുരം > ജെഎൻയുവിനെ സംഘർഷഭൂമിയാക്കുന്നതിന് ബോധപൂർവമായ ഇടപെടൽ നടത്തിയ വിവാദ വിസി ജഗദേശ് കുമാറിനെ യുജിസി ചെയർമാനായി നിയോഗിച്ച തീരുമാനം വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ.
നിയന്ത്രണമില്ലാത്ത ഫീസ് വർധന, പ്രവേശന മാനദണ്ഡങ്ങൾ അട്ടിമറിക്കൽ തുടങ്ങി ജെഎൻയു വിസിയെന്ന നിലയിൽ ജഗദേശ് നടത്തിയ പ്രവൃത്തികൾ അങ്ങേയറ്റം വിദ്യാർഥിവിരുദ്ധവും ഏകാധിപത്യപരവുമായിരുന്നു. ഇത്തരം തീരുമാനങ്ങളാണ് എസ്എഫ്ഐയടക്കമുള്ള വിദ്യാർഥി സംഘടനകളെ സമര പ്രക്ഷോഭങ്ങളിലേക്ക് നയിച്ചത്. ജനാധിപത്യപരമായ അത്തരം സമരങ്ങളെ അക്രമത്തിലൂടെ അടിച്ചമർത്തുന്നതിന് കൂട്ടുനിൽക്കുന്ന നിലപാടാണ് വിസിയുടെ ഭാഗത്തുനിന്ന് അന്നുണ്ടായത്.
യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷടക്കമുള്ള വിദ്യാർഥികളെ സംഘപരിവാർ ക്രിമിനലുകൾ മൃഗീയമായി ആക്രമിച്ചിരുന്നു. അത് തടയുന്നതിന് പകരം കാവി രാഷ്ട്രീയത്തിന് പിന്തുണ നൽകിയ വ്യക്തിയെ യുജിസി ചെയർമാൻ പോലെയുള്ള സുപ്രധാന സ്ഥാനത്തേക്ക് നിയോഗിക്കുന്നത് അക്കാദമിക് രംഗത്തെ കാവിവൽക്കരണവും ഹിന്ദുത്വ അജൻഡയും ലക്ഷ്യംവച്ചാണ്. വിദ്യാഭ്യാസ രംഗത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യ ചെറുത്തുനിൽപ്പ് ആവശ്യമാണെന്നും കേന്ദ്ര സർക്കാർ തീരുമാനത്തോട് അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.















