വാളയാർ > സ്വകാര്യ ബസിൽകടത്തുകയായിരുന്ന 90 ഗ്രാം മാരക മയക്കുമരുന്നായ മെത്തഫിറ്റാമിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. ആലപ്പുഴ ചെങ്ങന്നൂർ തിരുവൻ വണ്ടൂർ,നന്നാട് ദേശം പരിശ മൂട്ടിൽ വീട്ടിൽ ജർസൺ(23)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കെ രാകേഷിൻ്റെ നിർദ്ദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ എസ് സജീവൻ്റെ നേതൃത്വത്തിൽപാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ടീം വാളയാർ ടോൾ പ്ലാസയിൽനടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ കടത്തിയ മയക്ക് മരുന്ന് പിടികൂടിയത്.
എറണാകുളം ജില്ലയിലേ ഡിജെ പാർട്ടികൾക്കും മറ്റും മില്ലി ഗ്രാം പാക്കറ്റ് ആക്കി വില്പന നടത്തുന്നതിന് വേണ്ടിയാണു മയക്കുമരുന്നു കടത്തിയത് എന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പിടികൂടിയ മയക്ക മരുന്നിന് ചില്ലറ വിപണിയിൽ പത്ത് ലക്ഷം രൂപ വില വരും. മയക്കു കടത്തു സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപെട്ടിരിക്കാമെന്നും, എത്തിച്ചു കൊടുക്കുന്നവരെ സംബന്ധിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ് സജീവ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ എ ജയപ്രകാശൻ, ആർ എസ് സുരേഷ്, എസ് മൻസൂർ അലി (ഗ്രേഡ് ), സിഇഒ മാരായ കെ ജ്ഞാനകുമാർ,കെ ഹരിപ്രസാദ്, പി കെ രാജേഷ്, അബ്ദുൽ ബാസിത്, അബ്ദുൽ ബഷീർ,സദാം ഹുസൈൻ, വനിതാ സി ഇ ഒ വി കെ ലിസ്സി, എക്സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.