പറവൂർ: വർഷങ്ങളായി താമസിക്കുന്ന ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടാൻ ആർ.ഡി.ഒ. ഓഫീസ് ഉൾപ്പെടെ കയറിയിറങ്ങി ഒരു വർഷത്തിലേറെയായിട്ടും നടക്കാത്ത നിരാശയിൽ ജീവനൊടുക്കിയ വടക്കേക്കര മാല്യങ്കര കോയിക്കൽ സജീവന്റെ (57) മരണം നാടിന്റെ വേദനയായി. ചിട്ടി സ്ഥാപനത്തിൽനിന്ന് കടമെടുത്താണ് വീട് പണിതത്. കടം വർധിച്ചപ്പോഴാണ് ബാങ്കിൽനിന്ന് വായ്പയെടുക്കാൻ തുനിഞ്ഞത്.
പലരിൽനിന്നും കടം വാങ്ങി ചിട്ടി സ്ഥാപനത്തിൽ അടച്ച് ആധാരം തിരിച്ചുവാങ്ങി. അതുമായി ബാങ്കിൽ ചെന്നപ്പോഴാണ് രേഖകളിൽ വസ്തു നിലമായാണ് കിടക്കുന്നതെന്നും പുരയിടമാക്കി മാറ്റിയാലേ വായ്പ ലഭിക്കൂ എന്നും അറിയുന്നത്. ഇതിനായി ഫോർട്ട്കൊച്ചി ആർ.ഡി.ഒ. ഓഫീസിൽ രണ്ടുതവണ അപേക്ഷ നൽകി. 25 സെന്റിൽ താഴെയുള്ളവർക്ക് ഫീസടയ്ക്കാതെ തരംമാറ്റി നൽകാനുള്ള സർക്കാർ ഉത്തരവിന്റെ പുറത്താണ് രണ്ടാമതും അപേക്ഷ നൽകിയത്. 2021 ഫെബ്രുവരിയിലാണ് രണ്ടാമത്തെ അപേക്ഷ നൽകിയത്. തരംമാറ്റി കിട്ടിയില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവും മുന്നിലില്ലെന്ന് ആർ.ഡി.ഒ. ഓഫീസിലെ ഉദ്യോഗസ്ഥരോട് പലകുറി പറഞ്ഞെങ്കിലും അതൊന്നും ആരും ചെവിക്കൊണ്ടില്ലത്രെ.
അവസാനം അവിടെച്ചെന്നു മടങ്ങിയ ദിവസമായിരുന്നു ആത്മഹത്യ. ഇൻക്വസ്റ്റ് നടത്തവേ മൃതദേഹത്തിൽനിന്നു കിട്ടിയ കത്തിൽ പിണറായി സർക്കാരിന്റെ ഭരണ സംവിധാനങ്ങളാണ് മരണത്തിന് ഉത്തരവാദിയെന്നും ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ചും പരാമർശമുണ്ട്.
പെൻസിലും പേനയും ഉപയോഗിച്ചാണ് കത്തെഴുതിയിട്ടുള്ളത്. ചില വാചകങ്ങൾ അപൂർണമാണ്. മത്സ്യത്തൊഴിലാളിയായ സജീവന് 20 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്.
വർഷങ്ങൾക്കു മുമ്പ് ഒരപകടത്തിൽ സജീവന് പരിക്ക് പറ്റിയിരുന്നു. ഫിഷിങ് ബോട്ടുകളുടെ പെയിന്റിങ് തൊഴിലാളിയായ മകൻ നിഥിൻദേവ് ഒരു വർഷം മുമ്പ് വടംകെട്ടി ജോലി ചെയ്യവേ വീണ് പരിക്കേറ്റ് കിടപ്പിലായിരുന്നു. ഇതോടെയാണ് കടബാധ്യത ഏറിയത്.
സജീവന്റെ കടബാധ്യത ഏറ്റെടുത്ത് തീർക്കുമെന്ന് പറവൂർ എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി ഹരി വിജയൻ അറിയിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശപ്രകാരമാണിത്. സർക്കാരിന്റെ ഇടതുപക്ഷ നയങ്ങളെ അട്ടിമറിക്കുന്ന രീതിയിൽ പ്രവർത്തിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി എടുക്കണമെന്നും എസ്.എൻ.ഡി.പി. യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. സജീവന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ മാതൃകാപരമായി നടപടി കൈക്കൊള്ളണമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് ആവശ്യപ്പെട്ടു.