കാലടി > മേക്കാലടിയിൽ അതിഥിത്തൊഴിലാളി മരിക്കാനിടയായത് വാഹനമിടിച്ചാണെന്ന് പൊലീസ്. വാഹനമോടിച്ച മേക്കാലടി പീടിയേക്കൽ കുഞ്ഞുമുഹമ്മദിനെ (64) കാലടി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൂർ ഗവ. ആശുപത്രിക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന റാംസിങ്ങാണ് (46) മരിച്ചത്. കഴിഞ്ഞ രണ്ടിന് രാത്രി ഒമ്പതോടെ മേക്കാലടിയിലായിരുന്നു സംഭവം.
പരിക്കേറ്റനിലയിൽ വഴിയരികിൽക്കണ്ട റാംസിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് പൊലീസ് അന്ന് പറഞ്ഞത്. എന്നാൽ, പോസ്റ്റ്മോർട്ടത്തിനുശേഷം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചുനടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വാഹനം ഇടിച്ചാണ് മരണമെന്ന് കണ്ടെത്തിയത്.
വഴിയരികിൽ കിടക്കുകയായിരുന്ന റാംസിങ്ങിന്റെ ശരീരത്തിൽ കുഞ്ഞുമുഹമ്മദ് ഓടിച്ച വാഹനമിടിച്ചു. തുടർന്ന് ഇയാൾ വാഹനത്തിനടിയിൽനിന്നും പരിക്കേറ്റയാളെ മാറ്റിക്കിടത്തി വീട്ടിലേക്ക് വാഹനമോടിച്ചുപോയി. ഫിംഗർ പ്രിന്റ്, സയന്റിഫിക് ടീം, ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം തുടങ്ങിയവർ അന്വേഷണത്തിൽ പങ്കാളിയായി. എഎസ്പി അനുജ് പലിവാൽ, എസ്എച്ച്ഒ ബി സന്തോഷ്, എസ്ഐ കെ വി ജയിംസ്, എഎസ്ഐമാരായ അബ്ദുൾ സത്താർ, ജോഷി എം തോമസ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.