തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞുവെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു.എന്നാൽ നാലാം ആഴ്ചയിൽ 71 ശതമാനമായി കുറഞ്ഞിരുന്നു.
ഐ.സി.യു. വെന്റിലേറ്റർ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. നിലവിൽ 3,66,120 കോവിഡ് കേസുകളിൽ, 2.9 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചികിത്സയിലുണ്ടായിരുന്നതിൽ 0.9 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 0.4 ശതമാനം പേർക്ക് മാത്രമാണ് ഐ.സി.യുവും ആവശ്യമായി വന്നതെന്നും മന്ത്രി വ്യക്തമാക്കി.
മരണനിരക്കുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്നും വീണാ ജോർജ് പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് കേരളത്തിന്റെ പ്രതിരോധം. കോവിഡ് ടി.പി.ആർ. റേറ്റ് ഉയർന്നുനിന്നത് രോഗം ഉള്ളവരെ പപരിശോധിച്ചതു കൊണ്ടാണ്. സുപ്രീം കോടതി മാനദണ്ഡങ്ങൾ മാറ്റിയ ശേഷം എത്ര സംസ്ഥാനങ്ങളുടെ മരണനിരക്കാണ് കൂടിയിട്ടുള്ളതെന്നും മന്ത്രി ചോദിച്ചു.
ഇക്കാര്യത്തിൽ സുപ്രീം കോടതി കേരളത്തെ അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിന്റെ കണക്കുകളെല്ലാം സുതാര്യമാണ്. ഓരോ സംസ്ഥാനത്തിന്റേയും മരണനിരക്ക് പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീണ അറിയിച്ചു. കോവിഡ് നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദേശ യാത്രികരുടെ ക്വാറന്റീൻ
പ്രവാസികളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ക്വാറന്റീൻ ഒഴിവാക്കിയ നടപടിയുമായി മുന്നോട്ടുപോയത്. ഇക്കാര്യത്തിൽ രാഷ്ട്രീയ വിഷയങ്ങൾക്ക് മറുപടി പറയാനില്ല. ഇപ്പോൾ കേന്ദ്ര മാർഗനിർദേശം ഇങ്ങനെയാണ്. ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ടു കൂടിയായിരിക്കണം ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് ലക്ഷണം ഉള്ളവർക്ക് മാത്രം പരിശോധന മതിയെന്നാണ് കേന്ദ്ര നിർദേശം.
വാക്സിനേഷൻ
സംസ്ഥാനത്തെ വാക്സിനേഷൻ നല്ല രീതിയിൽ പുരോഗമിക്കുന്നു. 15 മുതൽ 17 വയസു വരെ 73 ശതമാനം പേർ (11,36,374) വാക്സിനെടുത്തിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിച്ചു. 2.3 ശതമാനമാണ് രണ്ടാം ഡോസ് വാക്സിനേഷൻ (35,410). 18 വയസിന് മുകളിൽ ആദ്യ ഡോസ് 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 85 ശതമാനവുമാണ്. കരുതൽ ഡോസ് 40 ശതമാനമാണ് (6,59,565).
കാൻസർ സ്ട്രാറ്റജി
ആരോഗ്യ വകുപ്പ് കേരള കാൻസർ രജിസ്ട്രിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതുസംബന്ധിച്ച സോഫ്റ്റുവെയർ ഇ-ഹെൽത്ത് വികസിപ്പിച്ചുവരുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ മൂന്ന് മേഖലകളായി തിരിച്ചാണ് കാൻസർ രജിസ്ട്രി തയ്യാറാക്കുന്നത്. ആർ.സി.സി., സി.സി.സി., എം.സി.സി. എന്നിവ കേന്ദ്രീകരിച്ചായിരിക്കും രജിസ്ട്രിയുടെ ഏകോപനം. 2030 ഓടെ ക്യാൻസർ രോഗമുക്തി നിരക്ക് വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കാൻസർ ചികിത്സാ ചെലവും ഗണ്യമായി കുറയ്ക്കാനാകും. ആരോഗ്യ പ്രവർത്തകർക്ക് കാൻസർ രജിസ്ട്രി സംബന്ധിച്ച് പരിശീലനം നൽകുന്നതാണ്.
Content Highlights: health minister veena george about covid thrid wave in kerala