ദുബായ് > ദുബായ് എക്സ്പോ 2020ലെ ഇന്ത്യൻ പവിലിയനിൽ കേരളാവാരത്തിന് പ്രൗഢമായ തുടക്കം. കേരള പവിലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പത്തുവരെ നീളുന്ന കേരളവാരത്തിൽ സംസ്ഥാനത്തിന്റെ സംസ്കാരിക പൈതൃകം, സവിശേഷമായ ഉൽപ്പന്നങ്ങൾ, ടൂറിസം സാധ്യതകൾ, നിക്ഷേപം, ബിസിനസ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
കണ്ണൂരിൽ 5500 ഏക്കർ സ്ഥലം ഏറ്റെടുത്ത് വ്യവസായ പാർക്ക് സ്ഥാപിക്കുന്നത് ഉൾപ്പെടെ നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയാണെന്നും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ റെയിൽ പദ്ധതി വഴി യാത്ര വേഗത്തിലാകും. സംസ്ഥാനം മുഴുവൻ ഒപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിക്കുന്നതോടെ ഡിജിറ്റൽ മുന്നേറ്റത്തിന് വഴിയൊരുങ്ങും. കിഫ്ബി വഴി 60000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ അബുദാബി രാജകുടുംബാംഗവും യുഎഇ സഹിഷ്ണുതാ മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന് അഹ്മദ് അൽ സിയൂദി, സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികൾ അരങ്ങേറി. ഇന്ത്യൻ പവിലിയന് സമീപത്തെ വേദിയിൽ പത്തുവരെ വൈകിട്ട് ആറുമുതൽ ഒമ്പതുവരെ കേരളത്തിന്റെ സാംസ്കാരിക പെരുമയും തനിമയും വിളിച്ചോതുന്ന വിവിധ പരിപാടികൾ നടക്കും.