തിരുവനന്തപുരം
ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്ത വ്യാപാരികൾ നികുതി ഒടുക്കുന്നതിൽ കാട്ടുന്ന സമയനിഷ്ഠയും കൃത്യതയും രേഖപ്പെടുത്തുന്ന ടാക്സ് പേയർ പ്രൊഫൈൽ കാർഡ് പദ്ധതിക്ക് തുടക്കം. സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പദ്ധതി ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നികുതിദായകരെ പൂർണമായും വിശ്വാസത്തിലെടുത്താണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ, ജിഎസ്ടിയിൽ പലപ്പോഴും അനഭിലഷണീയ നടപടികളുണ്ടാകുന്നു. അടയ്ക്ക, റബർ ഷീറ്റ്, പ്ലൈവുഡ് ഉൽപ്പന്ന മേഖലയിൽ കണ്ടെത്തിയ നികുതി വെട്ടിപ്പ് ശ്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടി തുടരും. ന്യായമായി സത്യസന്ധതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന സാക്ഷ്യപത്രമാണ് ടാക്സ് പേയർ പ്രൊഫൈൽ കാർഡ്. ഇത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഉപയോഗപ്രദമാകുമെന്നും ധനമന്ത്രി പറഞ്ഞു.
ധന അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് അധ്യക്ഷനായി. നികുതി വകുപ്പ് കമീഷണർ രത്തൻ ഖേൽക്കർ, സെൻട്രൽ ജിഎസ്ടി തിരുവനന്തപുരം മേഖലാ ചീഫ് കമീഷണർ ശ്യാംരാജ് പ്രസാദ്, നികുതി വകുപ്പ് സ്പെഷ്യൽ കമീഷണർ മുഹമ്മദ് വൈ സഫീറുള്ള, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ് എന്നിവർ സംസാരിച്ചു.
വ്യാപാരികൾ നികുതി റിട്ടേൺ സമർപ്പിക്കുന്നതിലും നികുതി അടയ്ക്കുന്നതിലും പുലർത്തുന്ന കൃത്യത കണക്കാക്കി ജിഎസ്ടി വകുപ്പ് നൽകുന്ന റേറ്റിങ് സ്കോറാണ് ‘ടാക്സ് പേയർ കാർഡ്’. മാസ, വാർഷിക റിട്ടേണുകൾ യഥാസമയം സമർപ്പിക്കുന്നുണ്ടോ, എത്രമാത്രം കൃത്യത പാലിക്കുന്നു തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ അറിയാം. www.keralataxes.gov.in ൽ റേറ്റിങ് വിവരങ്ങൾ ലഭ്യമാകും.