തിരുവനന്തപുരം: മന്ത്രിമാർ ജാഗ്രത പാലിക്കണമെന്ന് സി.പി.ഐ. എക്സിക്യുട്ടീവിൽ വിമർശനം. ലോകായുക്ത ഓർഡിനൻസിൽ മന്ത്രിമാർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല. ഓർഡിനൻസിനെതിരേ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാടിന് എക്സിക്യുട്ടീവ് പൂർണ പിന്തുണ നൽകി. ലോകായുക്ത ഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്നും എക്സിക്യുട്ടീവിൽ ആവശ്യം ഉയർന്നു.
സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവിൽ പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തു. ഇത്തരം ഓർഡിനൻസ് കൊണ്ടുവന്നത് ശരിയായില്ല. രാഷ്ട്രീയ കൂടിയാലോചന ഉണ്ടായില്ല തുടങ്ങിയ കാര്യങ്ങൾ കാനം തന്നെ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ പാർട്ടി മന്ത്രിമാർക്ക് ജാഗ്രതക്കുറവ് ഉണ്ടായി. എന്നാൽ പാർട്ടി മന്ത്രിമാരെ പൂർണമായും തള്ളിക്കൊണ്ടൊരു സമീപനം കാനം രാജേന്ദ്രൻ റിപ്പോർട്ടിൽ സ്വീകരിച്ചതുമില്ല.
ചർച്ചയിലാണ് പാർട്ടി മന്ത്രിമാർക്ക് ജാഗ്രതക്കുറവുണ്ടായെന്ന വിമർശനം ഉണ്ടായത്. നിയമഭേദഗതിയുടെ ഗൗരവം ഉൾക്കൊണ്ട് ഇടപെടുന്നതിൽ പാർട്ടി മന്ത്രിമാർക്ക് വീഴ്ച പറ്റി. ഇടതുപക്ഷ മന്ത്രിമാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നവരല്ല-അഴിമതിക്കാരല്ല എന്നൊരു ബോധ്യമുണ്ട്. എന്നാൽ ഇപ്പോൾ ഇങ്ങനൊരു നിയമഭേദഗതി വരുമ്പോൾ അത് ജനങ്ങൾക്കിടയിൽ സംശയത്തിന് ഇടവരും എന്ന വിമർശനവും ഉയർന്നുവന്നു. അതുകൊണ്ടു തന്നെ നിയമഭേദഗതി പിൻവലിക്കണമെന്ന ആവശ്യവും ഉയർന്നുവന്നു. മാത്രമല്ല, സർക്കാരിന് അപ്പീൽ പോകാമെന്ന ഭാഗമാണ് ഓർഡിനൻസിൽ ഭേദഗതിയായി ഉൾപ്പെടുത്തേണ്ടതെന്ന വാദവും സംസ്ഥാന എക്സിക്യുട്ടീവിൽ ഉയർന്നു.
രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടിക്കെതിരേ രംഗത്തെത്തിയ സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനോട് വിശദീകരണം തേടാനും തീരുമാനിച്ചു. സമാനമായ നിലപാട് എടുത്ത പാർട്ടി ദേശീയ എക്സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ തന്റെ നിലപാട് എക്സിക്യുട്ടീവിൽ വിശദീകരിച്ചു. ഇസ്മായിലിന്റെ നിലപാട് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
content highlights:criticism over lokayukta ordinance in cpi executive