തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെഅന്തിമ അനുമതി ലഭിച്ചതായി അവകാശപ്പെട്ടിട്ടില്ലെന്ന് കെ-റെയിലിന്റെ വിശദീകരണം. പദ്ധതിക്ക് തത്വത്തിലുള്ള അനുമതി ലഭിച്ചിട്ടുണ്ട്. സിൽവർലൈൻ ഡിപിആറിൽ സാങ്കേതിക സാധ്യതാ വിവരങ്ങളില്ലെന്ന് പറയുന്ന മറുപടിയിൽ തന്നെ വിശദീകരണം ഉണ്ട്. റെയിൽവേ മന്ത്രി പാർലമെന്റിൽ നൽകിയ മറുപടി ഒരു തരത്തിലും ആശങ്കപ്പെടുത്തുന്നതല്ലെന്നും കെ-റെയിൽ വൃത്തങ്ങൾ വിശദീകരിച്ചു.
സിൽവർലൈൻ പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചതായി ഒരു ഘട്ടത്തിലും അവകാശപ്പെട്ടിട്ടില്ലെന്നാണ് കെ-റെയിൽ വൃത്തങ്ങൾ പ്രതികരിക്കുന്നത്. ഡിപിആറിന് അനുമതി കാത്തിരിക്കുകയാണ്. റെയിൽവേ മന്ത്രാലയം നിർദേശിച്ച പല നടപടിക്രമങ്ങളും അന്തിമ ഘട്ടത്തിലാണ്.സിൽവർലൈൻ ഡിപിആറിൽ സാങ്കേതിക സാധ്യതാ വിവരങ്ങളില്ലെന്ന് പറയുന്ന മറുപടിയോടൊപ്പം അതിനുള്ള കാരണങ്ങളും മന്ത്രാലയം വിശദീകരിക്കുന്നുണ്ടെന്ന് കെ-റെയിൽ വ്യക്തമാക്കുന്നു.
സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിന് അന്തിമ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പദ്ധതിക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് പറയുമ്പോഴും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അനുമതി നൽകും എന്ന് തന്നെയാണ് മനസിലാക്കേണ്ടതെന്നാണ് കെ- റെയിൽ വിശദീകരിക്കുന്നത്.
മന്ത്രാലയം നിർദേശിച്ച പ്രകാരമാണ് റെയിൽവേയുമായി ചേർന്ന് കെ-റെയിൽ സാങ്കേതിക വിവരശേഖരണം നടത്തുന്നത്. സാമൂഹിക ആഘാത പഠനവും നടന്നുകൊണ്ടിരിക്കുകയാണ്. 90 ദിവസത്തെ സമയമാണ് ഇതിന് നൽകിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള ഈ റിപ്പോർട്ടുകൾകൂടി ലഭിച്ചശേഷം റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കും.
റിപ്പോർട്ടുകൾ എല്ലാം സമർപ്പിച്ച ശേഷമേ ഡിപിആറിന് അന്തിമ അനുമതി ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ റെയിൽവേ മന്ത്രി പാർലമെന്റിൽ നൽകിയ മറുപടി ഒരുതരത്തിലും ആശങ്കപ്പെടുത്തുന്നതല്ലെന്നും കെ-റെയിൽ വൃത്തങ്ങൾ വിശദീകരിക്കുന്നു.