തിരുവനന്തപുരം> പൊതുവിദ്യാലയങ്ങളിലെ 10.47 ലക്ഷം കുട്ടികൾ വാക്സിൻ സ്വീകരിച്ചെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതോടെ 13.27 ലക്ഷം കുട്ടികളിൽ 78.8 ശതമാനം കുട്ടികളും വാക്സിൻ എടുത്തു. വാക്സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. അധ്യാപകരും പി ടി എ ഭാരവാഹികളും ഇതിന് മുൻകൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
സമ്പൂർണ പോർട്ടലിൽ വിവരങ്ങൾ ഇനിയും അപ്ലോഡ് ചെയ്യാത്ത കുട്ടികളുണ്ട്. ഇവരുടെ വിവരങ്ങൾ കൂടി സമ്പൂർണ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ സ്കൂൾ അധികൃതർ അടിയന്തിര നടപടി എടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. കൈറ്റിന്റെ ‘സമ്പൂർണ’ സോഫ്റ്റ്വെയറിലെ കണക്ക് പ്രകാരം 1.11 ലക്ഷം കുട്ടികൾ (8.3 ശതമാനം) ആണ് ഇനി വാക്സിൻ എടുക്കാനുള്ളത്.
കോവിഡ് കാരണം വാക്സിൻ എടുക്കാൻ കഴിയാത്തത് 14261 (1.1 ശതമാനം) കുട്ടികൾക്കാണ്. കൊല്ലം (88.1%), തൃശൂർ (87.7%), പാലക്കാട് (85.5%) എന്നീ ജില്ലകളാണ് വാക്സിനേഷനിൽ മുന്നിൽ. തിരുവനന്തപുരം (83.3%), കാസറഗോഡ് (82.5%), എറണാകുളം, ആലപ്പുഴ (81.5%) ജില്ലകളാണ് തൊട്ടടുത്ത്. കോഴിക്കോട് (67.5%), മലപ്പുറം (69.4%), കോട്ടയം (71.4%) എന്നീ ജില്ലകളാണ് വാക്സിനേഷനിൽ പിന്നിലുള്ളത്.