കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ സമർപ്പിച്ച ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അപേക്ഷ നല്കി. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രനാണ് അപേക്ഷ നല്കിയത്.
കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ഹൈക്കോടതിയില് സമര്പ്പിച്ച ആറ് ഫോണുകള് ആലുവ മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്ന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് ഫോണുകള് മജിസ്ട്രേറ്റ് കോടതിയില് എത്തിച്ചത്. ഫോണുകള് സൈബര് ഫോറന്സിക് ലാബില് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിലെ ആവശ്യം.
ബുധനാഴ്ച രാവിലെയാണ് ക്രൈംബ്രാഞ്ച് എസ് പി ആലുവ മജിസ്ട്രേറ്റ് കോടതിയിലെത്തി അപേക്ഷ നല്കിയത്. ഫോണുകള് അന്വേഷണ സംഘത്തിന് കൈമാറില്ല. ക്രൈംബ്രാഞ്ച് നല്കിയിട്ടുള്ള കത്തിനൊപ്പം എഫ്എസ്എല് ലാബിലെ പരിശോധനയ്ക്ക് കോടതി നേരിട്ട് അയക്കുകയാണ് ചെയ്യുക.