ചെറായി: നീണ്ട ചുണ്ട്, 12 അടിയിലധികം നീളം, 500 കിലോയോളം ഭാരം…ആഴക്കടൽ മത്സ്യ ബന്ധന ബോട്ടിനു ലഭിച്ച കൂറ്റൻ ഓലക്കൊടിയനെ കണ്ടവരെല്ലാം അത്ഭുതം കൂറി. രൂപത്തിലും വലിപ്പത്തിലും അത്ഭുതമാവുകയാണ് കഴിഞ്ഞ ദിവസം മുനമ്പം ഹാർബറിൽ ലേലത്തിനായി വെച്ച ഭീമൻ ഓലക്കൊടിയൻ മത്സ്യം.
ആഴക്കടൽ മത്സ്യ ബന്ധന ബോട്ടിനു ലഭിച്ച ഈ ഭീമൻ ഓലക്കൊടിയനെ രണ്ട് ട്രോളികൾ ചേർത്ത് വെച്ച് അതിൽ കിടത്തിയാണ് ബോട്ടിൽ നിന്നും ഇറക്കി ലേല ഹാളിൽ എത്തിച്ചത്.
നീണ്ട ചുണ്ട് കൂടാതെ തന്നെ എതാണ്ട് 12 അടിക്ക് മേൽ നീളം വരുന്ന മത്സ്യത്തിന്ഉദ്ദേശം 500 കിലോ അടുക്കെ തൂക്കം വരും. മത്സ്യ മാർക്കറ്റുകളിൽ കിലോക്ക് 250 രൂപ വരെ വില വരുന്ന ഈ മത്സ്യം ഹോട്ടലുകാരാണ് കൂടുതലും വാങ്ങാറ്. രുചിയേറിയതും ഉറച്ചതുമാണ് ഇതിന്റെ മാംസം എന്നതാണ് ഇതിന്റെ പ്രത്യേകത.
പൊതുവേ വലിയ മീനാണ് ഓലക്കൊടിയൻ. മിക്കവാറുമെല്ലാം ഹാർബറിൽ എത്താറുണ്ടെങ്കിലും ഇത്രയും വലിപ്പമുള്ളത് ഏറെ കാലത്തിന് ശേഷമാണ് ലഭിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Content Highlights:500 kg over 12 feet long Giant olakkodiyan caught in fishermens net