തിരുവനന്തപുരം > കല്ലമ്പലത്ത് ഒരേസുഹൃത്ത് സംഘത്തിൽപ്പെട്ട മൂന്ന് പേർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. രണ്ടെണ്ണം കൊലപാതകമെന്ന് പോലീസ്. പിഡബ്ല്യൂഡി ഹെഡ് ക്ലാര്ക്ക് അജികുമാർ, അജിത്ത്, ബിനുരാജ് എന്നിവരാണ് മരിച്ചത്. അജിത്തിനെ കൊലപ്പെടുത്തിയ ഇവരുടെ തന്നെ സുഹൃത്തായ സജീവ് പൊലീസിൽ കീഴടങ്ങി.
അജികുമാറിന്റെ മരണമായിരുന്നു ആദ്യത്തേത്. തിങ്കളാഴ്ച രാവിലെ അജികുമാറിനെ വീട്ടിനുള്ളില് മരിച്ചനിലയില് കണ്ടെത്തുകയായിരുന്നു. അജയകുമാറിന്റെ ശരീരത്തിൽമുറിവുകളുണ്ടായിരുന്നതും വീട്ടിൽ രക്തം തളംകെട്ടിയ നിലയില് കണ്ടതും സംശയത്തിനിടയാക്കിയിരുന്നു. നാട്ടുകാരും മരണത്തില് ദുരൂഹത ആരോപിച്ചിരുന്നു.
അജികുമാറിന്റെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് അജിത്ത് കൊല്ലപ്പെടുന്നത്. ചൊവ്വാഴ്ച പുലര്ച്ചെ അജിത്തിനെ വാഹനമിടിച്ച് കൊല്ലുകയായിരുന്നുവെന്ന് കരുതുന്നു. പിക്ക്അപ്പ് വാൻ ഇടിച്ച് അജിത്തിനെ കൊലപ്പെടുത്തിയ സജീവ് പൊലീസിൽ കീഴടങ്ങി. അജിത്ത് കൊല്ലപ്പെട്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് ബിനുരാജിന്റെ മരണം. ബിനുരാജ് ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
മണിക്കൂറുകളുടെ ഇടവേളയിൽ ഒരേസുഹൃത്ത് സംഘത്തിലെ മൂന്ന് പേർ മരിക്കാനിടയായതിൽ പൊലീസിനും സംശയങ്ങളുണ്ടായിരുന്നു. തുടർന്ന് സജീവിനെയും ഇവരുടെ മറ്റുസുഹൃത്തുക്കളെയും ചോദ്യംചെയ്തതോടെയാണ് മൂന്ന് മരണങ്ങളിൽ രണ്ടെണ്ണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി അജികുമാറിന്റെ വീട്ടില് സുഹൃത്തുക്കളെല്ലാം ചേര്ന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്ക്കത്തെ തുടർന്നാണ് അജികുമാര് കൊല്ലപ്പെടുന്നത്. അജികുമാറിന്റെ കൊലപാതകം മറച്ചുവയ്ക്കാനാണ് അജിത്തിനെ കൊല്ലപ്പെടുത്തിയതെന്നാണ് സൂചന. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.