ചങ്ങാനശ്ശേരി: പാമ്പുകടിയേറ്റ ശേഷം അസാമാന്യ ധൈര്യത്തോടെ വാവ സുരേഷ് സ്വയം പരിചരിക്കുന്നതിന്റേയും കടിച്ച പാമ്പിനെ വീണ്ടും പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.വ്ളോഗറായ എസ്.എസ്.സുധീഷ്കുമാർപകർത്തിയതാണ് ദൃശ്യങ്ങൾ.
പാമ്പുകടിയേറ്റ് ഗുരതരാവസ്ഥയിലായ വാവസുരേഷ് നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
പിടികൂടിയ പാമ്പിനെഅഞ്ചു തവണയാണ് വാവ സുരേഷ് ചാക്കിലേക്ക് കയറ്റാൻ ശ്രമിച്ചത്. അഞ്ചാം തവണയാണ് അപ്രതീക്ഷിതമായി വാവ സുരേഷിന്റെകാലിൽ പാമ്പ് കടിച്ചത്. കടിവിടാത്ത മൂർഖനെ ബലംപ്രയോഗിച്ചാണ് സുരേഷ് വലിച്ചെടുത്തത്. ഇതിന് ശേഷം പിടിവിട്ട പാമ്പ് സമീപത്തെകരിങ്കല്ലുകൾക്ക് ഇടയിലേക്ക് പോയി. ഇതിനകം വാവ സുരേഷ് പാമ്പ് കടിച്ച ഭാഗത്തെ രക്തം ഞെക്കി കളയുന്നത് ദൃശ്യത്തിൽ കാണാം. കരിങ്കല്ലുകൾക്ക് ഇടയിലേക്ക് ഒളിക്കാൻ ശ്രമിച്ച പാമ്പിനെനിമിഷങ്ങൾക്കം തന്നെ അദ്ദേഹം വീണ്ടും പിടികൂടി ചാക്കിൽ കയറ്റി സുരക്ഷിതമായി മാറ്റിവെച്ചു. തുടർന്ന് വാവ സുരേഷ്പ്രഥമ ശുശ്രൂഷകൾ നടത്തി. പാമ്പ് കടിച്ചതിന്റെ മുകൾ ഭാഗത്ത് തോർത്ത് വെച്ച് കെട്ടി. എത്രയും വേഗം അടുത്ത സർക്കാർ ആശുപത്രിയിലെത്തിക്കണം. ഇവൻ കുഴപ്പക്കാരനാണ്. വാവ സുരേഷ് പഞ്ചായത്തംഗം ബി.ആർ.മഞ്ജീഷിനോട് പറഞ്ഞു.
ബി.ആർ.മഞ്ജീഷിനൊപ്പമാണ് സുരേഷ് പാമ്പിനെ പിടിക്കാൻ വന്നത്. അതേ വാഹനത്തിൽ ആശുപത്രിയിലേക്ക് തിരിച്ചു. പാട്ടാശ്ശേരിയിൽനിന്ന് എം.സി.റോഡിലേക്കുള്ള യാത്രയിൽ വാഹനത്തിന് വേഗം കുറവെന്ന് സുരേഷിന് സംശയം തോന്നി. വാഹനം മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പത്തിക്കടവ് പാലത്തിലെത്തിയപ്പോഴാണിത്.
പ്രദേശവാസിയായ ജലധരന്റെ മകൻ നിജു ഓടിച്ചിരുന്ന കാറിലേക്ക് മാറിക്കയറി. പിന്നീട് അതിവേഗം ആസ്പത്രിയിലേക്ക്. പള്ളത്ത് എത്തിയപ്പോൾ സുരേഷ് ആരോഗ്യസ്ഥിതി സ്വയം വിലയിരുത്തി. സംഗതി വഷളാണ്. ഏറ്റവും വേഗം അടുത്തുളള ആശുപത്രിയിലെത്തണം.-അദ്ദേഹം നിർദേശിച്ചു. അതിനിടയിൽ തൊണ്ടയിൽ കൈകടത്തി ഛർദിക്കാനുള്ള ശ്രമം നടത്തി. നെഞ്ചത്ത് കൈയിടിച്ച് ശ്വാസഗതി നേരേയാക്കാനും നോക്കുന്നുണ്ടായിരുന്നു.
തന്റെ കണ്ണിൽ ഇരുട്ടുകയറുന്നതായും ഇനി ഒട്ടും വൈകരുതെന്നും പറഞ്ഞതോടെ വാഹനം വഴി തിരിച്ച് കോട്ടയത്തെ ഭാരത് ആശുപത്രിയിലേക്ക് വിട്ടു. അതിനിടയിൽ തന്നെ മഞ്ജീഷ് വിവരം ആശുപത്രിയിലറിയിച്ചിരുന്നു. എല്ലാ സജ്ജീകരണങ്ങളുമൊരുക്കി മെഡിക്കൽ സംഘം കാത്തുനിന്നിരുന്നു. ആന്റിവെനം കുത്തിവയ്പ് വാഹനത്തിൽനിന്ന് ഇറക്കുമ്പോൾ തന്നെ നൽകി.വെന്റിലേറ്ററും പിടിപ്പിച്ച് തീവ്രപരിചരണം. ശേഷം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.