കോട്ടയം കുറിച്ചിയിൽ വെച്ച് മൂർഖൻ പാമ്പിന്റെ കടിയേറ്റ വാവാ സുരേഷ് ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വാർത്താറിപ്പോർട്ടുകൾ പറയുന്നത്. അശാസ്ത്രീയ രീതിയിലാണ് വാവാ സുരേഷ് പാമ്പുകളെ പിടിക്കുന്നതെന്ന ആരോപണം നേരത്തെ തന്നെയുണ്ട്. മുമ്പും നിരവധി തവണ സുരേഷിന് വിഷമുള്ള പാമ്പുകളുടെ കടിയേറ്റിട്ടുണ്ട്.
കോട്ടയം കുറിച്ചിയിലെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ജെ നിജുമോന്റെ വീട്ടുവളപ്പിൽ കണ്ടെത്തിയ മൂർഖനെ വാവാ സുരേഷ് പിടികൂടിയ രീതി അശാസ്ത്രീയമാണെന്നാണ് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നതെന്ന് കേരളം വനംവകുപ്പിന്റെ മാസ്റ്റർ ട്രെയിനർമാരിലൊരാളായ സി.ടി ജോജു സമയം മലയാളം പ്ലസിനോട് പറഞ്ഞു.
”രക്ഷാ പ്രവർത്തനത്തിൽ മൂന്നു കാര്യങ്ങൾക്കാണ് പാമ്പ് സംരക്ഷകർ പ്രാധാന്യം നൽകേണ്ടത്. പാമ്പിനെ പിടിക്കുന്നയാളുടെ സുരക്ഷ, നാട്ടുകാരുടെ സുരക്ഷ, പാമ്പിന്റെ സുരക്ഷ എന്നിവയാണ് ഇവ. പക്ഷേ, കോട്ടയത്തെ സംഭവത്തിൽ വാവാ സുരേഷിന് പാമ്പ് കടിയേറ്റു. സുരേഷിന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ട പാമ്പ് ജനങ്ങൾക്ക് ഭീഷണിയായി, തന്റെ കാലിൽ കടിച്ച പാമ്പിനെ സുരേഷ് വലിച്ചു മാറ്റിയപ്പോൾ അതിനു പരിക്കു പറ്റിയിട്ടുണ്ടാവാം. സുരക്ഷ സംബന്ധിച്ച മൂന്നു കാര്യങ്ങളും ഇവിടെ ലംഘിക്കപ്പെട്ടു.”– സി.ടി ജോജു പറയുന്നു.
ശാസ്ത്രീയമെന്ന് വിലയിരുത്തപ്പെടുന്ന ഒരു രീതികളും പാലിക്കാതെയാണ് വാവാ സുരേഷ് മൂർഖനെ ശരീരത്തിന് സമീപം കൊണ്ടുവന്നത്. സ്‌നേക്ക് ഹുക്കോ സ്‌നേക്ക് ബാഗോ പി.വി.സി പൈപ്പോ ഒന്നും ഉപയോഗിക്കാതെ ഒരു കൈയ്യിൽ ചാക്കും മറു കൈയ്യിൽ പാമ്പിനെയും പിടിച്ചാണ് സുരേഷ് നിന്നത്. ഇതാണ് കടിയേൽക്കാൻ കാരണമായത്.
പാമ്പുകളെ കണ്ടെത്തിയാൽ പ്രഫഷണൽ പാമ്പ് സംരക്ഷകരെ അറിയിക്കണമെന്നാണ് സി.ടി ജോജു പറയുന്നത്. പാമ്പിനെ വീട്ടിന് അകത്തോ വളപ്പിലോ കണ്ടാൽ പാമ്പ് സംരക്ഷകർ എത്തുന്നതുവരെ അതിനെ നിരീക്ഷിക്കണം. പാമ്പ് ഓടിപ്പോവുകയാണെങ്കിൽ അത് എവിടെ പോയെന്നും നോക്കണം. പാമ്പ് സംരക്ഷകർ എത്താൻ വൈകിയാൽ തന്നെയും പാമ്പിനെ ആരും പിടികൂടാൻ ശ്രമിക്കുകയോ കൈകാര്യം ചെയ്യുകയോ അരുത്. അത് പാമ്പിന്റെ കടിയേൽക്കാൻ കാരണമാവാം.
”ഒരു സ്ഥലത്ത് പാമ്പ് ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അതിനടുത്ത് പി.വി.സി പൈപ്പിൽ ബന്ധിപ്പിച്ച സ്‌നേക്ക് ബാഗ് സ്ഥാപിക്കും. അതിന് ശേഷം സ്‌നേക്ക് ഹുക്ക് ഉപയോഗിച്ച് പാമ്പിനെ പി.വി.സി പൈപ്പിലൂടെ ബാഗിലേക്ക് നയിക്കും. ഇരുട്ട് ഇഷ്ടപ്പെടുന്ന പാമ്പുകൾ സുരക്ഷിതമായ മാളമാണെന്ന് കരുതിയാണ് പൈപ്പ് വഴി ബാഗിലേക്ക് പോവുന്നത്. സ്‌നേക്ക് ബാഗ് മുൻകൂട്ടി സ്ഥാപിച്ചില്ലെങ്കിൽ ഒരു കൈയ്യിൽ പാമ്പും മറുകൈയ്യിൽ ബാഗും വരുന്ന അപകടകരമായ സ്ഥിതിയുണ്ടാവും. പാമ്പിനെ പരമാവധി കൈകൊണ്ടോ ശരീരം കൊണ്ടോ സ്പർശിക്കാൻ പാടില്ല എന്നതാണ് സുരക്ഷിതമായ രീതി. ഹുക്ക് ഉപയോഗിക്കാൻ കഴിയാത്ത ഒരു സാഹചര്യവും ഞാൻ ഇതുവരെ നേരിട്ടിട്ടില്ല. സുരേഷ് പാമ്പിനെ പിടിക്കുമ്പോൾ ഒരു ബൂട്ട് പോലും ധരിച്ചിരുന്നില്ല. പാമ്പ് അഗ്രസീവ് ആയ സ്വഭാവവും കാണിച്ചിരുന്നു. ഒരു കൈയ്യിൽ ചാക്കും മറുകൈയ്യിൽ പാമ്പുമാണ് സുരേഷിന്റെ കൈയ്യിലുള്ളത്.” — സി.ടി ജോജു പറയുന്നു.
ശാസ്ത്രീയമായി പാമ്പുകളെ പിടിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പല തവണ സുരേഷിനോട് അഭ്യർത്ഥിച്ചിരുന്നതായാണ് വിവരം. ശാസ്ത്രീയമായ രീതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നുവെങ്കിൽ വനംവകുപ്പിന്റെ ബ്രാൻഡ് അംബാസിഡർ വരെ ആകാൻ വാവാ സുരേഷിന് കഴിയുമായിരുന്നു എന്നാണ് ജോജുവിന്റെ വ്യക്തിപരമായ അഭിപ്രായം. അംഗീകൃത പാമ്പ് സംരക്ഷകർ പോലും പലപ്പോഴും സുരക്ഷാ മാനദണ്ഡങ്ങളെ അവഗണിക്കാറുണ്ടെന്ന് സി.ടി ജോജു ചൂണ്ടിക്കാട്ടുന്നു. നേരിയ അശ്രദ്ധ പോലും പാമ്പിന്റെ കടിയേൽക്കാൻ കാരണമാവും.
മുൻകാലത്ത് പാമ്പുകളെ പിടികൂടി അവയെ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്ന കെ.ടി സന്തോഷ് ഇപ്പോൾ വനംവകുപ്പിന്റെ മാസ്റ്റർ ട്രെയിനർമാരിൽ ഒരാളാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലയിലെ പാമ്പ് സംരക്ഷകർക്ക് സന്തോഷ് പരിശീലനം നൽകുന്നു.
”മുൻകാലത്ത് പാമ്പുകളെ പിടികൂടി ഞാൻ പൊതുജനങ്ങൾക്ക് മുന്നിൽ ഷോ നടത്തുമായിരുന്നു. പാമ്പുകളെ കളിപ്പിക്കുക, അവയുടെ പത്തിവിടർത്തിക്കുക, ഉമ്മ വെക്കുക പോലുള്ള കാര്യങ്ങൾ ചെയ്യുമായിരുന്നു. പിന്നീടാണ് തെറ്റുതിരുത്തി ശാസ്ത്രീയമായ പാമ്പ് സംരക്ഷണത്തിലേക്ക് കടന്നത്. ഇത്തരം ഷോകൾ നടത്തുമ്പോൾ പാമ്പുകൾക്ക് നല്ല വേദനയുണ്ടാവും. ആ സമയത്ത് അവ കാര്യമായി കടിക്കും. ആശാസ്ത്രീയമായി പാമ്പ് പിടിക്കുന്ന നിരവധി പേർക്ക് അങ്ങനെയാണ് കടിയേറ്റിരിക്കുന്നത്.” — കെ.ടി സന്തോഷ് സമയം മലയാളം പ്ലസിനോട് പറഞ്ഞു.
അശാസ്ത്രീയമായ പാമ്പ് പിടുത്ത രീതി വാവാ സുരേഷ് ഒഴിവാക്കണമെന്ന നിലപാടാണ് സന്തോഷിനുള്ളത്. ”വാവാ സുരേഷിനോട് വ്യക്തിപരമായി അടുപ്പമുണ്ട്. പക്ഷേ, അശാസ്ത്രീയമായ പാമ്പ് പിടിത്തത്തോട് വിയോജിപ്പാണുള്ളത്. ഇനിയൊരു പാമ്പ് സംരക്ഷകനും അപകടങ്ങൾ പറ്റരുതെന്നാണ് എന്റെ നിലപാട്.”–സന്തോഷ് നിലപാട് വിശദീകരിച്ചു.
മറ്റു ജില്ലകളെ അപേക്ഷിച്ച് കാസർകോട് ജില്ലയിൽ ‘ബിഗ് ഫോറിൽ’ വരുന്ന ചുരുട്ട മണ്ഡലി കൂടുതലായി കാണപ്പെടുന്നു. മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നിവയാണ് ബിഗ്‌ഫോറിൽ വരുന്നത്.
ഇതുവരെ 24 രാജവെമ്പാലകളെ സന്തോഷ് രക്ഷിച്ചിട്ടുണ്ട്. നാട്ടുകാരുടെ സമ്മതത്തോടെ അഞ്ചെണ്ണത്തെ പിടികൂടാതെ തന്നെ വിട്ടയച്ചു. ജനുവരി 28ന് ഒരു മൂർഖൻ പാമ്പിനെയും നാട്ടുകാരുടെ സമ്മതത്തോടെ വിട്ടയക്കുകയുണ്ടായി. സോഷ്യൽ മീഡിയ വന്നതിന് ശേഷം പാമ്പുകളെ കുറിച്ചുള്ള ആളുകളുടെ നിലപാടുകളിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് സന്തോഷ് പറയുന്നത്.
പാമ്പുള്ള വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയാൽ പലപ്പോഴും ആളുകൾ പ്രദേശത്ത് കൂട്ടംകൂടി നിൽക്കുന്നുണ്ടാവുമെന്ന് തിരുവനന്തപുരം ജില്ലയിലെ കോർഡിനേറ്ററായ എം. ശരത് പറയുന്നു. ”പാമ്പിനെ കാണണം, തൊടണം, സെൽഫി എടുക്കണം എന്നൊക്കെ പലരും ആവശ്യപ്പെടും. ഞങ്ങൾ അത്തരം ആവശ്യങ്ങളൊന്നും പരിഗണിക്കാറില്ല. ഇത് ഒരു ഷോ അല്ലല്ലോ. പ്രദേശവാസികളെയും പാമ്പിനെയും സുരക്ഷിതമാക്കാനാണ് ഞങ്ങൾ ശ്രമിക്കുക. വിഷമുണ്ടോ ഇല്ലേ എന്നൊന്നും വേർതിരിക്കാതെ എല്ലാ പാമ്പുകളെയും ഒരു പോലെ സുരക്ഷിതമായാണ് കൈകാര്യം ചെയ്യാറ്.” — എം.ശരത് പറയുന്നു.
മൂർഖൻ, അണലി, വെള്ളിക്കെട്ടൻ എന്നീ വിഷമുള്ള പാമ്പുകളാണ് നാട്ടിൻ പ്രദേശങ്ങളിൽ പൊതുവിൽ കാണപ്പെടാറെന്നും എം.ശരത് പറയുന്നു. രാജവെമ്പാല പൊതുവിൽ വനപ്രദേശത്താണ് കാണാറ്. പിടികൂടുന്ന പാമ്പുകളെ കുപ്പിയിൽ അടക്കുന്ന രീതി മുൻകാലത്തുണ്ടായിരുന്നു. പാമ്പുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഈ രീതി ഒഴിവാക്കി. ശാസ്ത്രീയ രീതി സ്വീകരിച്ച ശേഷം തിരുവനന്തപുരം ജില്ലയിൽ ഇതുവരെ ഒരു പാമ്പ് സംരക്ഷകനും പാമ്പുകളുടെ കടിയേറ്റിയിട്ടില്ലെന്നും എം. ശരത് പറയുന്നു.
വാവാ സുരേഷ് അശാസ്ത്രീയമായ രീതികളിൽ നിന്ന് പിൻമാറി വനംവകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാൽ മികച്ച പാമ്പ് സംരക്ഷകനായി മാറുമെന്നാണ് വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ കൺസർവേഷൻ ബയോളജിസ്റ്റായ ഒ.വിഷ്ണു പറയുന്നത്.
”വനംവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ പാമ്പ് സംരക്ഷകർ കഴിഞ്ഞ രണ്ടു വർഷമായി വളരെ മികച്ച പ്രവർത്തനമാണ് കാഴ്ച്ചവെക്കുന്നത്. വളണ്ടിയർമാരെ പാമ്പ് കടിച്ച സംഭവങ്ങൾ വളരെ അപൂർവ്വമാണ്. വയനാട് ജില്ലയിൽ ഒരാൾക്ക് പോലും കടിയേറ്റിട്ടില്ല. പക്ഷേ, എന്തുകൊണ്ടാണ് ചിലർക്ക് മാത്രം സ്ഥിരമായി കടിയേൽക്കുന്നത്?.” — ഒ.വിഷ്ണു ചോദിക്കുന്നു.
കർണാടകത്തിലെ പ്രശസ്ത പാമ്പ് സംരക്ഷകനായ
2019 വരെ മാത്രം 600 ഓളം രാജവെമ്പാലകളെയാണ് രക്ഷിച്ചിരിക്കുന്നത്. കൂറ്റൻ രാജവെമ്പാലകളും ഇതിൽ ഉൾപ്പെടുന്നു. അജയ് ഗിരിക്കും സംഘത്തിനും ഇതുവരെ വിഷമില്ലാത്ത പാമ്പുകളുടെ കടി പോലും ഏറ്റിട്ടില്ല.
വാവാ സുരേഷിനെ കഴിഞ്ഞ ദിവസം കടിച്ച പാമ്പിന്റെ ശരീരത്തിൽ 650 മില്ലിഗ്രാം വരെ വിഷമുണ്ടാവാമെന്ന് സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റൂട്ട് ഡെപ്യൂട്ടി ഡയറക്ടറും സ്‌നേക്ക് റെസ്‌ക്യൂ നോഡൽ ഓഫീസറുമായ വൈ. മുഹമ്മദ് അൻവർ സമയം മലയാളം പ്ലസിനോട് പറഞ്ഞു. 20 പേരെ കടിച്ചു കൊല്ലാൻ കഴിയുന്ന വിഷമാണ് അത്. ഉത്ര കൊലക്കേസിൽ രൂപീകരിച്ച വിദഗ്ദ സമിതിയിൽ വൈ. മുഹമ്മദ് അൻവർ അംഗമായിരുന്നു. കേസിലെ ഡമ്മി പരിശോധന നടന്നത് സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു.
2017, 2018, 2019 വർഷങ്ങളിലെ പാമ്പു കടിയേറ്റുള്ള മരണങ്ങളുടെ ശരാശരി 110 ആയിരുന്നു. ഇത് 2021 ആയപ്പോൾ 30ൽ താഴെയായി ആയിക്കുറഞ്ഞുവെന്ന് വൈ. മുഹമ്മദ് അൻവർ പറയുന്നു.
”2020 ആഗസ്റ്റ് മുതലാണ് പാമ്പുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന വനംവകുപ്പിന്റെ മാർഗനിർദേശം നടപ്പാക്കി തുടങ്ങിയത്. 2020ൽ മരണം 76 ആയിക്കുറഞ്ഞു. 2021ൽ 30ൽ താഴെ ആയി. അംഗീകൃത പാമ്പ് സംരക്ഷകരുടെ സേവനമാണ് ഇതിന് സഹായിച്ചതെന്നാണ് ഞാൻ മനസിലാക്കുന്നത്. വിഷപ്പാമ്പുകൾ കടിച്ച നിരവധി പേർക്ക് അടിയന്തിര ചികിൽസ നൽകാനും വളണ്ടിയർമാർ സഹായിച്ചു. നിരവധി ജീവനുകളാണ് അങ്ങനെയും രക്ഷിക്കാൻ കഴിഞ്ഞത്. സംസ്ഥാനത്ത് നിലവിൽ 928 അംഗീകൃത പാമ്പ് സംരക്ഷകരാണുള്ളത്. 2021 ജനുവരി മുതൽ ഡിസംബർ വരെ വിഷമുള്ളതും അല്ലാത്തതുമായ 6500ൽ അധികം പാമ്പുകളെയാണ് സുരക്ഷിതമാക്കിയത്. ഇത്തരം രക്ഷാപ്രവർത്തനങ്ങളിൽ വിരലിൽ എണ്ണാവുന്ന പാമ്പ് സംരക്ഷകർക്ക് മാത്രമേ പാമ്പുകടിയേറ്റിട്ടുള്ളൂ. അവർക്കെല്ലാം ചികിൽസയും ധനസഹായവും നൽകി. വളണ്ടിയർമാരായ പാമ്പ് സംരക്ഷകർക്ക് ഹോണറേറിയം നൽകാനുള്ള ശുപാർശയും നൽകിക്കഴിഞ്ഞു.”–വൈ. മുഹമ്മദ് അൻവർ വിശദീകരിച്ചു.
പാമ്പുകൾക്ക് ആവാസവ്യവസ്ഥയിൽ അതിനിർണ്ണമായകമായ പ്രാധാന്യമുണ്ടെന്ന് മുഹമ്മദ് അൻവർ ചൂണ്ടിക്കാട്ടുന്നു.
”പാമ്പുകളുടെ സംരക്ഷണമെന്നാൽ മനുഷ്യരുടെ സംരക്ഷണമാണ്. നമുക്ക് ഒരു ഉദാഹരണം പരിശോധിക്കാം. ഒരു ചേര അതിന്റെ ചുറ്റുവട്ടത്തുള്ള എലികളെ ഭക്ഷണമാക്കുന്നു. ഈ ചേരയെ നാം തല്ലിക്കൊല്ലുകയോ മറ്റുപ്രദേശത്തേക്ക് മാറ്റുകയോ ചെയ്താൽ എന്ത് സംഭവിക്കും.? സ്വാഭാവികമായും എലികളുടെ എണ്ണം കൂടും. കൂടാതെ ചേരയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന വിടവിലേക്ക് മറ്റു ചിലർ വരാനും ഇത് കാരണമാവും. മൂർഖനോ അണലിയോ ആയിരിക്കും ചേരയുടെ സ്ഥാനം ഏറ്റെടുക്കുക. ചേരയെ പോലെ അധികം എലികളെ ഭക്ഷണമാക്കാൻ ഇവക്ക് കഴിയില്ല. ഇത്, ഒരു ചേരക്ക് പകരം നിരവധി മൂർഖൻമാരും അണലികളും എത്താൻ വഴിയൊരുക്കാം. അതിനാലാണ് വിഷമില്ലാത്ത ചേര പോലുള്ള പാമ്പുകളെ പിടികൂടി മറ്റൊരു പ്രദേശത്തേക്ക് മാറ്റരുതെന്ന് പറയുന്നത്.”
പാമ്പുകളെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ വനം വകുപ്പ് സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ 120ഓളം വരുന്ന പാമ്പ് ഇനങ്ങളെല്ലാം 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടവയാണ്. നിയമത്തിലെ ഒന്നാം പട്ടികയിലാണ് മലമ്പാമ്പ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിനെ വേട്ടയാടുന്നത് മൂന്നു മുതൽ ഏഴു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പിഴയും അടക്കേണ്ടി വരും.
രണ്ടാം പട്ടികയിലെ രണ്ടാം ഉപപട്ടികയിൽ നീർക്കോലി, ചേര, അണലി, ആറ്റുവായ് പാമ്പ്, മൂർഖൻ, രാജവെമ്പാല എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ഇവയെ വേട്ടയാടുന്നവർക്കും മൂന്നു മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ശിക്ഷ ലഭിക്കും. മറ്റു പാമ്പുകളെല്ലാം നാലാം പട്ടികയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവയെ വേട്ടയാടുന്നവർക്ക് മൂന്നു വർഷം വരെ തടവ്ശിക്ഷ ലഭിക്കും. പിഴയും അടക്കേണ്ടി വരും.
ഉത്ര കൊലക്കേസും കർശന മാർഗനിർദേശങ്ങളും
കൊല്ലം അഞ്ചലിൽ ഉത്ര എന്ന യുവതി അണലിയുടെ കടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന വീട്ടുകാരുടെ ആരോപണവും അന്വേഷണവും പാമ്പുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച മാർഗനിർദേശം അതിവേഗം തയ്യാറാക്കാൻ കാരണമായി. ജനവാസ മേഖലയിലെ പാമ്പ് പിടുത്തവും വിട്ടയക്കലും സംബന്ധിച്ച് അംഗീകൃത പാമ്പുപിടുത്തക്കാർക്കായാണ് വനംവകുപ്പ് പ്രത്യേക മാർഗനിർദേശം പ്രസിദ്ധീകരിച്ചത്. മനുഷ്യവാസ പ്രദേശങ്ങളിൽ നിന്ന് പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വിട്ടയ്ക്കുന്ന പ്രക്രിയ കൃത്യവും ഉത്തരവാദിത്വപരവുമായ ഒന്നാക്കി മാറ്റുകയാണ് ഈ മാർഗ നിർദ്ദേശങ്ങളുടെ ലക്ഷ്യം. ഇവയാണ് നിർദേശങ്ങൾ.
1) അംഗീകൃത പാമ്പുപിടുത്തക്കാർ മാത്രമേ സംസ്ഥാനത്ത് പാമ്പുകളെ പിടികൂടാനും വിട്ടയക്കാനും പാടുള്ളൂ. ഇത് ലംഘിക്കുന്നവർക്കെതിരെ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാം.
2) ജീവന് ഭീഷണിയാവുന്ന സാഹചര്യത്തിൽ പാമ്പുകളെ കണ്ടാൽ മാത്രമേ പിടികൂടാവൂ.
3) പിടികൂടലും വിട്ടയക്കലും വിഷപ്പാമ്പുകളെ മാത്രം ഉദ്ദേശിച്ചാണ്. വിഷമില്ലാത്ത പാമ്പുകളെ പിടികൂടുന്നത് പരമാവധി ഒഴിവാക്കണം.
4) പരിസ്ഥിതിയിൽ പാമ്പുകൾക്കുള്ള പ്രാധാന്യം, അവയെ തിരിച്ചറിയുന്ന രീതികൾ, പാമ്പുകടി ഒഴിവാക്കാനുള്ള നടപടികൾ എന്നിവ സംബന്ധിച്ച് ബോധവൽക്കരണം നടത്താൻ അംഗീകൃത പാമ്പുപിടുത്തക്കാരുടെ സേവനം തേടണം.
5) അംഗീകൃത പാമ്പുപിടുത്തക്കാരനെ ആരെങ്കിലും തടസപ്പെടുത്തിയാൽ നിയമപ്രകാരം നടപടി സ്വീകരിക്കണം. പാമ്പുകളെ പ്രദർശിപ്പിക്കുക, പാമ്പുകളെ ഉപയോഗിച്ച് പ്രശസ്തി നേടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവരെ നിയമപരമായി നേരിടണം.
അംഗീകൃത പാമ്പുപിടുത്തക്കാരുടെ ശൃംഖല സംസ്ഥാനത്ത് രൂപീകരിക്കണമെന്നും പിടിച്ച പാമ്പുകളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നും മാർഗനിർദേശം നിഷ്‌കർഷിക്കുന്നു. അംഗീകൃത പാമ്പുപിടുത്തക്കാരനാവാൻ താൽപര്യമുള്ള 65 വയസ് കവിയാത്തവർക്ക് വനംവകുപ്പിൽ അപേക്ഷ നൽകാം.
വർഷങ്ങളായുള്ള പ്രയത്‌നമാണ് മാർഗരേഖയിലേക്ക് എത്തിച്ചതെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് സ്‌കോളറായ സന്ദീപ് ദാസ് സമയം മലയാളം പ്ലസിനോട് പറഞ്ഞു.
”ഉത്ര കൊലപാതകവും അതിനോട് അടുത്ത് തന്നെ തിരുവനന്തപുരത്ത് ഒരാൾ പൊതുജനമധ്യത്തിൽ പാമ്പ് കടിയേറ്റ് മരിച്ചതും നടപടികൾ വേഗത്തിലാവാൻ കാരണമായി. അന്നത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ ഐ.ഫ്.എസ്, അഞ്ചൻ കുമാർ ഐ.എഫ്.എസ്, നോഡൽ ഓഫീസർ മുഹമ്മദ് അൻവർ എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ദരെ തിരഞ്ഞെടുക്കുകയും മാർഗരേഖ രൂപീകരിക്കുകയുമാണ് ചെയ്തത്. ഈ മാർഗരേഖയുടെ ഭാഗമായി സർപ്പ എന്ന ആപ്ലിക്കേഷൻ നിർമിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാമ്പുകളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് താൽപര്യമുള്ളവർക്ക് പരിശീലനവും 900ത്തോളം പേർക്ക് ലൈസൻസും നൽകി.”–സന്ദീപ് ദാസ് പറയുന്നു.
****