കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ സമർപ്പിച്ച ഫോണുകൾ അന്വേഷണ സംഘം പരിശോധിക്കുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ട മുഴുവൻ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന് അറിയിച്ചതിനെ തുടർന്നാണ് രജിസ്ട്രാര് ജനറലിന് സമർപ്പിച്ച ഫോണുകൾ ഏതൊക്കെയെന്ന് പരിശോധിക്കാൻ അന്വേഷണ സംഘത്തോട് കോടതി നിർദേശിച്ചത്. ഫോണുകൾ പരിശോധിച്ച ശേഷം അൽപ്പ സമയത്തിനുള്ളിൽ വാദം തുടരും. എന്നാൽ അന്വേഷണവുമായി സഹകരിച്ചാൽ മാത്രമേ ജാമ്യം അനുവദിക്കാൻ സാധിക്കുവെന്ന് കോടതി പറഞ്ഞു.
ഹാജരാക്കാൻ ആവശ്യപ്പെട്ട ഏഴ് ഫോണുകളിൽ ആറെണ്ണം മാത്രമാണ് ദിലീപും സംഘവും ഹാജരാക്കിയതെന്ന് വാദം ആരംഭിച്ച ഉടനെ പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഹര്ജിയില് നാലാമതായി ചൂണ്ടിക്കാട്ടിയ ഫോണ് കൈമാറിയിട്ടില്ല. അതു കൈവശമില്ലെന്നാണ് പ്രതികൾ പറയുന്നത്. എന്നാല് ഈയടുത്ത കാലം വരെ അത് ഉപയോഗിച്ചതിന് തെളിവുകളുണ്ട്. 2021 ജനുവരി മുതൽ ആഗസ്റ്റ് 31 വരെ ഉപയോഗിച്ച ഫോണിൽ നിന്ന് നിരവധി കോളുകള് വിളിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞു.
കേസിൽ പ്രതി ദിലീപിനെ കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ദിലീപും കൂട്ടാളികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന് പറഞ്ഞു. അതിനാല് മുന്കൂര് ജാമ്യം അനുവദിക്കരുതെന്നും മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്തുകൊണ്ട് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് ടിഎ ഷാജി ആവര്ത്തിച്ചു.