അടിമാലി> ഹൈറേഞ്ചിന്റെ കുടിയേറ്റ ചരിത്രത്തോളം പഴക്കമുണ്ട് ജീപ്പ് യാത്രയ്ക്ക്. ഏത് കുന്നും മലയും കയറി പോകുന്ന ജീപ്പുകൾക്കാണ് ജില്ലയിൽ ആരാധകരേറെ, ആവശ്യക്കാരും. നാണ്യവിളകളും വിഭവങ്ങളും അനായാസം കൊണ്ടുപോകാമെന്നതാണ് പ്രത്യേകത. ഇടുങ്ങിയ വഴിയാണെങ്കിലും ഇനി വഴി ഇല്ലെങ്കിലും ഒരു കല്ലിൽനിന്ന് മറ്റൊരു കല്ലിലേക്ക് ചാടിയുള്ള ജീപ്പിന്റെ യാത്ര ലോറേഞ്ചുകാർക്കും മറ്റും അത്ഭുത കാഴ്ചയാണ്.
ഏലവും കുരുമുളകും ഇഞ്ചിയും തുടങ്ങി കാർഷികവിളകൾ വിൽക്കാൻ മാങ്കുളവും കുറത്തിക്കുടി ഉൾപ്പെടെയുള്ള ഹൈറേഞ്ച് സ്ഥലങ്ങളിൽനിന്ന് ടൗണിലേക്ക് എത്തിക്കുന്നത് ജീപ്പിലാണ്. തിരികെ പോകുമ്പോൾ കൃഷികളെ സംരക്ഷിക്കാനുള്ള വസ്തുക്കളും വളവും വാങ്ങി മടങ്ങും. തിരികെ വീടെത്തുംമുമ്പ് പശുക്കൾക്ക് നൽകാനുള്ള പുല്ലുകെട്ടും ജീപ്പിൽ കയറ്റിയിട്ടുണ്ടാവും. ജില്ലയിലെ ഒട്ടേറെ ഗ്രാമങ്ങളിൽനിന്നും ആദിവാസി കുടികളിൽനിന്നും ടൗണിലേക്ക് എത്താൻ ഇപ്പോഴും ജീപ്പുകൾ മാത്രമാണ് ഏക മാർഗം.
ജില്ലയിലെ നിരത്തുകൾ കീഴടക്കുന്ന എൺപത് മോഡൽ ജീപ്പുകൾക്ക് ഇപ്പോഴും ചെറുപ്പത്തിന്റെ വീര്യം. പണ്ടുകാലങ്ങളിൽ യാത്രയ്ക്ക് മാത്രമാണ് ജീപ്പുകളെ ആശ്രയിച്ചിരുന്നതെങ്കിൽ ഇന്ന് വിനോദസഞ്ചാര മേഖലയിലും ഒരു നിറസാന്നിധ്യമാണ്. ഹൈറേഞ്ചിലൂടെ ജീപ്പ് ഓടിച്ചുപഠിച്ച ഡ്രൈവർ മറ്റു നിരത്തുകളിൽ തോൽക്കില്ല എന്ന് പറയുന്നതും ഇതുകൊണ്ടാണ്. ചുരുക്കത്തിൽ ജീപ്പുകൾ ഇല്ലാതെ ഹൈറേഞ്ചിലെ ഗ്രാമീണദൃശ്യം പൂർണമാകില്ല.