കോഴിക്കോട് > വ്യാപാര സ്ഥാപനത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മാങ്കാവ് ജങ്ഷനിൽ പീപിൽസ് എന്ന പേപ്പർ ഗ്ലാസ്, പ്ലേറ്റ് മൊത്തവ്യാപാര സ്ഥാപനം നടത്തിയിരുന്ന പെരുമണ്ണ പണിക്കര വലിയപറമ്പിൽ വീട്ടിൽ നിഹാൽ (25), ഇയാളുടെ സഹായി ബേപ്പൂർ വട്ടപറമ്പ് തുമ്മളത്തറ അജയ് കുമാർ (24)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് രണ്ട് ലക്ഷം രൂപയിലധികം വരുന്ന 27 ഗ്രാം എംഡിഎംഎ, 18 കുപ്പി ഹാഷിഷ് ഓയിൽ, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തു. എക്സ്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡ് കോഴിക്കോട് നടത്തിയ നിരീക്ഷണത്തിലാണ് യുവാക്കൾ പിടിയിലായത്.
ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, അസി. ഇൻസ്പെക്ടർ ഷിജുമോൻ, പ്രിവന്റീവ് ഓഫീസർമാരായ കെ ഷിബുശങ്കർ, കെ പ്രദീപ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അഖിൽദാസ്, ഫറോക്ക് റേഞ്ച് ഇൻസ്പെക്ടർ സതീശൻ, അസി. ഇൻസ്പെക്ടർ നിഷിൽ കുമാർ, പ്രിവന്റീവ് ഓഫീസർ അബ്ദുൾ ജബ്ബാർ, സിവിൽ എക്സ്സൈസ് ഓഫീസർ അശ്വിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.