കോട്ടയം > എംജി സർവകലാശാലയിലെ ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ നാലംഗ സമിതിയെ സിൻഡിക്കറ്റ് യോഗം നിയോഗിച്ചു. സിൻഡിക്കറ്റംഗങ്ങളായ പി ഹരികൃഷ്ണൻ, ഡോ. ബി കേരളവർമ, ഡോ. എ ജോസ്, ഡോ. ഷാജിലാ ബീവി എന്നിവരാണ് സമിതിയിലുള്ളത്. 2020 ജനുവരി ഒന്ന് മുതൽ എംബിഎ സെക്ഷനിൽ നടന്ന പരീക്ഷാ സംബന്ധമായ എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കും.
പോസ്റ്റ് റിസൾട്ട് കറക്ഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, എംബിഎ സെക്ഷനിലെ മൊത്തം പ്രവർത്തനങ്ങൾ, പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തസ്തികയിൽ ഒരു ജീവനക്കാരൻ വർഷങ്ങളായി തുടരുന്ന സാഹചര്യം, കുട്ടികൾക്ക് യഥാസമയം പരീക്ഷാഫലം ലഭ്യമാകാത്തതിന്റെ കാരണം, ഓരോ സെക്ഷനിലെയും പെൻഡിങ് ഫയലുകളുടെ നില, മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്ന രീതി എന്നിവയും സമിതിയുടെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്നോ അതിലധികമോ വർഷം ഒരേ സീറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥലം മാറ്റും. പരീക്ഷാ ഭവനിലെ ഇടനാഴികളിലും പൊതു ഇടങ്ങളിലും സിസിടിവി ക്യാമറകളും മാഗ്നറ്റിക് ഡോറുകളും സ്ഥാപിക്കും. അപേക്ഷ സമർപ്പിച്ച് ദീർഘനാളായിട്ടും കൊടുക്കാത്ത മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയിൽ ഉടൻ തീർപ്പുണ്ടാക്കും. ഇതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.
സർവകലാശാലയിലെ അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം പിഎസ്സിക്ക് വിട്ടതിനു മുമ്പ് നടന്നിട്ടുള്ള 4% സംവരണാടിസ്ഥാനത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ക്രമപ്രകാരമാണെന്ന് സിൻഡിക്കേറ്റ് കണ്ടെത്തി.