ദുബായ് > മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. യുഎഇ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു. യുഎഇയിൽ പുതുതായി 2 ലക്ഷത്തോളം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപെടാൻ പോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും യുഎഇ മന്ത്രി പറഞ്ഞു.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സിറ്റിയിലെ നാല്പത്തി ഒന്നാം നിലയിലുള്ള സാമ്പത്തിക വകുപ്പ് കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. ഊഷ്മളമായ സ്വീകരണമായിരുന്നു മുഖ്യമന്ത്രിക്ക് യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി നൽകിയത്. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി, മിർ മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു. യുഎഇ സാമ്പത്തിക വകുപ്പ് അണ്ടർ സെക്രട്ടറി ജുമാ മുഹമ്മദ് അൽ കൈത്ത്, വാണിജ്യ വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ നെയിമി എന്നിവരും യോഗത്തിൽ സംബന്ധിച്ചു.