ചാനലിന്റെ സംപ്രേക്ഷണാവകാശം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങൾക്കൊണ്ടാണെന്നും കോടതി ഇടപെടൽ പാടില്ലെന്നുമാണ് കേന്ദ്രം വാദിച്ചത്. ചാനലിന് സംപ്രേക്ഷണ വിലക്ക് ഏർപ്പെടുത്താൻ മതിയായ കാരണം ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. തിങ്കളാഴ്ച ഉച്ചയോടെയാണ് കേന്ദ്രം മീഡിയ വണ്ണിന്റെ സംപ്രേക്ഷണാവകാശം തടഞ്ഞത്.
“മീഡിയ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ടുദിവസത്തേക്കാണ് സ്റ്റേ. സംപ്രേഷണം ഉടൻ പുനരാരംഭിക്കും.” ചാനൽ എഡിറ്റർ പ്രമോദ് രാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ചാനലിന്റെ സംപ്രേക്ഷണാവകാശം കേന്ദ്രം റദ്ദാക്കിയ വിവരം പ്രമോദ് രാമനാണ് പ്രേക്ഷകരെ അറിയിച്ചത്. “മീഡിയാ വണ്ണിന്റെ സംപ്രേക്ഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയ വണ്ണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയ വൺ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണ നടപടികൾക്കു ശേഷം മീഡിയ വൺ തിരിച്ചെത്തും.” പ്രമോദ് പറഞ്ഞു.
ചാനലിൻ്റെ ലൈസൻസ് പുതുക്കുന്നതിൻ്റെ ഭാഗമായുള്ള അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ തുടരുന്നതിനിടെ ചാനലിൻ്റെ ലൈസൻസ് റദ്ദാക്കുകയായിരുന്നു. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അതറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നൽകിയിരുന്നുവെന്നും ഇതിന് മറുപടി നൽകിയിരുന്നതാണെന്നും പ്രമോദ് രാമൻ പറഞ്ഞു. കേന്ദ്ര നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.