മാരാരിക്കുളം> ആദ്യം പത്തുസെന്റ് ഭൂമി കുടികിടപ്പിന്, അടുത്ത പത്തു സെന്റ് ഇപ്പോൾ നാടിന്റെ വിശപ്പുരഹിത പദ്ധതിക്ക്. ഗ്രിഗരിയെപോലെ മനുഷ്യരിങ്ങനെ മനസിന്റെ സ്നേഹജാലകം തുറന്നിരിക്കുമ്പോൾ നാട് തോറ്റുപോകുന്നതെങ്ങനെ.
വിശപ്പുരഹിത കേരളം പദ്ധതിയുടെ തുടക്കക്കാരായ പാതിരപ്പള്ളിയിലെ സ്നേഹജാലകത്തിന് 25 ലക്ഷത്തിലേറെ വിലവരുന്ന ഭൂമിയാണ് നാട്ടുകാരൻ നൽകിയത്. ആലപ്പുഴ ചെട്ടികാട് കൊച്ചീക്കാരൻ വീട്ടിൽ കെ ടി ഗ്രിഗരി (78) കുടുംബസ്വത്തിൽനിന്നാണ് 10 സെന്റ് സി ജി ഫ്രാൻസീസ് സ്മാരക ട്രസ്റ്റിന്റെ സ്നേഹജാലകത്തിന് എഴുതിനൽകിയത്.
‘വിശപ്പിന് ഭക്ഷണം കൊടുക്കുന്നതിനേക്കാൾ വലിയ പുണ്യകർമമില്ല. അതിനാലാണ് അമ്മ ഊർസയുടെ ഓർമയ്ക്കായി പത്ത് സെന്റ് ഭൂമി സ്നേഹജാലകം പ്രവർത്തകർക്ക് നിറഞ്ഞ മനസോടെ നൽകിയതെന്ന ഗ്രിഗരിയുടെ വാക്കുകളിൽ എല്ലാമുണ്ട്.
ജനകീയ ഭക്ഷണശാല പ്രവർത്തിക്കുന്ന കെട്ടിടം ഹൈവേ വികസനത്തിനായി പൊളിക്കും. ഇത് തിരിച്ചറിഞ്ഞാണ് ഭൂമി നൽകിയത്. ആകെ 1.23 ഏക്കർ ഭൂമിയുണ്ട്. ഇതിൽ 10 സെന്റ് നേരത്തെ കുടികിടപ്പു നൽകി. റവന്യൂ വകുപ്പിൽനിന്ന് ലാസ്റ്റ് ഗ്രേഡ് സർവന്റായി വിരമിച്ച ഗ്രിഗരി ഭാര്യ ഇസബെല്ലയോടൊപ്പമാണ് താമസം. സ്നേഹജാലകം ആരംഭിച്ച 2013-ൽ മുതൽ പ്രവർത്തകനാണ് ഗ്രിഗരി.
സ്നേഹജാലകത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ പദ്ധതിക്ക് അഞ്ചുവയസായ ഞായറാഴ്ച ഗ്രിഗരിയിൽനിന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരൻ ഏറ്റുവാങ്ങി. രക്ഷാധികാരി പി പി ചിത്തരഞ്ജൻ എംഎൽഎയ്ക്ക് രേഖ കൈമാറി. സ്നേഹജാലകം പ്രസിഡന്റ് എൻ പി സ്നേഹജൻ അധ്യക്ഷനായി.