ചെറുതോണി
വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് സിപിഐ എമ്മിനൊപ്പം ചേർന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രതിനിധിയും പഞ്ചായത്ത് പ്രസിഡന്റുമായ സിന്ധു ജോസാണ് പാർടിയും മുന്നണിയും വിട്ടത്. സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ സിന്ധു ജോസിനെ ജില്ലാ സെക്രട്ടറി സി വി വർഗീസ് പൊന്നാട അണിയിച്ച് സ്വീകരിച്ചു.
പതിനെട്ട് അംഗങ്ങളുള്ള പഞ്ചായത്തിൽ ഇതോടെ യുഡിഎഫിനും എൽഡിഎഫിനും ഒമ്പത് സീറ്റുവിതമായി. എൽഡിഎഫിന് സ്വതന്ത്ര ഉൾപ്പെടെ എട്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. സിന്ധു ജോസ് കൂടി എത്തിയതോടെ ഇത് ഒമ്പതായി. യുഡിഎഫിന് പത്തിൽനിന്ന് ഒമ്പതായി കുറഞ്ഞു.
ധീരജ് വധം ഉൾപ്പടെയുള്ള കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരെയുള്ള നിലപാടുകളുടെ ഭാഗമായാണ് കൂടുതൽപേർ യുഡിഎഫ് വിട്ട് എൽഡിഎഫിന്റെ ഭാഗമാകുന്നത്. ജനവിരുദ്ധ, വികസനവിരുദ്ധ സമീപനങ്ങളിൽ മനംമടുത്താണ് യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് സിന്ധു ജോസ് പറഞ്ഞു. സ്വീകരണച്ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു, ഏരിയ സെക്രട്ടറി പി ബി സബീഷ്, ഏരിയ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ കമ്മിറ്റിയംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.