പാലക്കാട് > പാലക്കാട് ഉമ്മിണിയിൽ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി. മസ്ജിദ് റോഡ് 8/17ൽ സുബ്രഹ്മണ്യന്റെ മകൾ ബീന (20) ആണ് മരിച്ചത്. പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാംവർഷ ബികോം വിദ്യർഥിനിയാണ് ബീന. സമയബന്ധിതമായി പരീക്ഷാ ഫീസടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സെമസ്റ്റർ പരീക്ഷയ്ക്കുള്ള ഫീസ് സമയബന്ധിതമായി അടയ്ക്കാൻ ബീനയ്ക്ക് സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് ഒരു വർഷം നഷ്ടമാകുമെന്ന മാനസിക വിഷമത്തിലായിരുന്നു. ശനിയാഴ്ച മുതൽ ബീന. ഞായറാഴ്ച രാവിലെ വീട്ടുകാരോട് സംസാരിച്ചെങ്കിലും പകൽ 11ഓടെ കുളിക്കാനായി മുറയിൽ കയറിയശേഷം ബീന ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല.
സംശയം തോന്നിയ വീട്ടുകാർ കതക് ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോഴാണ് ബീനയെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശനിയാഴ്ച അമ്മ കോളേജിൽ ഫീസടയ്ക്കാൻ ചെന്നിരുന്നു. സമയം കഴിഞ്ഞതിനാൽ കോളേജ് ഫീസ് മാത്രമാണ് അടയ്ക്കാനായത്. പരീക്ഷാഫീസിന്റെ ലിങ്ക് സർവകലാശാലയ്ക്ക് അയച്ചെന്നും ഇനി അടയ്ക്കാനാകില്ലെന്നുമായിരുന്നു കോളേജ് അധികൃതരുടെ മറുപടി. തിങ്കളാഴ്ച പ്രൻസിപ്പാളിനെ കണ്ട് സംസാരിക്കാമെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഹേമാംബിക നഗർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. അമ്മ: ദേവകി. സഹോദരൻ: ബിജു.