അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. യാത്രകളുടെ ആവശ്യം തെളിയിക്കുന്ന രേഖകളോ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രമോ കൈയ്യിൽ കരുതണം. വാക്സിനേഷനു വേണ്ടിയും ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ടിയും യാത്ര ചെയ്യുന്നതിനു വിലക്കില്ല. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും.
Also Read:
ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാൻ അനുമതിയുണ്ടെങ്കിലും പാഴ്സൽ മാത്രമാണ് അനുവദിക്കുക. പലചരക്ക് കടകള്‍ക്കും പച്ചക്കറി, പഴം, പാൽ , മത്സ്യം, ഇറച്ചി തുടങ്ങിയ വിൽക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാൻ അനുമതിയുണ്ടാകും. രാവിലെ ഏഴു മണി മുതൽ രാത്രി 9 മണി വരെയാണ് കടകള്‍ക്ക് പ്രവര്‍ത്തനാനുമതി. മെഡിക്കൽ സ്റ്റോറുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനാകും. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച തുറക്കുന്നതിനു തടസ്സമില്ല. അവശ്യസര്‍വീസ് ജീവനക്കാര്‍ ജോലിയ്ക്കു പോകുമ്പോള്‍ തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണം. അടിയന്തര സാഹചര്യങ്ങളിൽ വര്‍ക്ക് ഷോപ്പുകള്‍ക്കും തുറക്കാം.
വിവാഹച്ചടങ്ങുകള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും അനുമതിയുണ്ടെങ്കിലും പരമാവധി 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാകുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസ് കര്‍ശന പരിശോധന നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും പൊതുഗതാഗതത്തിനും ഇന്ന് നിയന്ത്രണങ്ങളുണ്ടാകും. പ്രധാന റൂട്ടുകളിലും ആശുപത്രികള്‍, റെയിൽവ സ്റ്റേഷനുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലേയ്ക്കും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസിയും അറിയിച്ചിട്ടുണ്ട്. ജനുവരി 23നും സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു.
Also Read:
അതേസമയം, സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഏതാനും ദിവസങ്ങളായി അൻപതിനായിരത്തിലധികം കൊവിഡ് കേസുകളാണ് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിതീവ്ര വ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചിട്ടുള്ളത്. ഭൂരിഭാഗം രോഗികള്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്. ആശുപത്രികളിലെയും ഐസിയുകളിലെയും തിരക്ക് വര്‍ധിക്കുന്നില്ലെന്നും എല്ലാവരും ആശുപത്രികളിൽ എത്തേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരമാവധി ആളുകള്‍ ടെലി മെഡിസിൻ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. ഫെബ്രുവരി 15 വരെ സംസ്ഥാനത്ത് കൊവിഡ് കേസുകല്‍ ഉയര്‍ന്ന നിലയിൽ തുടരുമെന്നാണ് പ്രവചനം.