ന്യൂഡൽഹി
അനിശ്ചിതകാലത്തേക്ക് ഒരു സ്ഥലത്ത് പ്രവേശിക്കരുതെന്ന രീതിയിൽ ഉത്തരവിറക്കുന്നത് സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് സുപ്രീംകോടതി. ഏതെങ്കിലും വ്യക്തി ഒരു സ്ഥലത്ത് പ്രവേശിക്കരുതെന്ന രീതിയിൽ ഉത്തരവിറക്കണമെങ്കിൽ കൃത്യമായ കാരണം ഉണ്ടായിരിക്കണം. പ്രവേശനവിലക്ക് അസാധാരണസാഹചര്യങ്ങളിൽമാത്രം സ്വീകരിക്കേണ്ട നടപടിയാണെന്നും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വിലക്ക് നേരിടുന്ന ആൾക്ക് സ്വന്തം വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം കഴിയാൻപോലും തടസ്സമുണ്ടാകും. ഉപജീവനമാർഗം ഇല്ലാതാകാനും കാരണമാകും. പരമാവധി രണ്ടുവർഷത്തിൽ കൂടുതൽ ഇത്തരം വിലക്കേർപ്പെടുത്തരുതെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു. മഹാരാഷ്ട്രയിലെ ജൽനാ സ്വദേശിയായ ദീപക്കിന് എതിരെ പുറപ്പെടുവിച്ച പ്രവേശനവിലക്ക് റദ്ദാക്കിയാണ് സുപ്രീംകോടതി നിരീക്ഷണമുണ്ടായത്.