നിലമ്പൂർ > സിന്തറ്റിക് ലഹരി (ന്യൂജൻ ലഹരി) ഉപയോഗം കൂടുന്നതായി എക്സൈസ് വകുപ്പിന്റെ കണക്കുകൾ. അഞ്ച് വർഷത്തിനിടെയുള്ള കേസുകളിൽ വൻ വർധനവാണുള്ളത്. 2011-16 കാലയളവിൽ 4497 എൻഡിപിഎസ് (നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രാപിക് സബ്സ്റ്റൻസസ്) കേസ് രജിസ്റ്റർ ചെയ്തത് 2016-21ൽ 29,501 ആയി ഉയർന്നു. എക്സൈസ് നടപടി ശക്തമാക്കിയതും ലഹരി ഉപയോഗത്തിലുണ്ടായ വർധനയും കേസുകളുടെ എണ്ണം കൂടാൻ കാരണമായി.
എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ സ്ക്വാഡുകൾ അഞ്ച് വർഷത്തിനിടെ 4.75 ലക്ഷം കേസാണ് രജിസ്റ്റർ ചെയ്തത്. കോട്പ (സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്റ്റസ്) കേസുകളാണ് കൂടുതൽ-3,56,701. 2011-16 കാലയളവിൽ ഇത് 2,37,090 ആയിരുന്നു. 1.19 ലക്ഷത്തിന്റെ വർധന. അബ്കാരി കേസുകൾ 34,587ൽനിന്ന് 88,904 ആയി ഉയർന്നു.
എറണാകുളം ജില്ലയിലാണ് കൂടുതൽ എൻഡിപിഎസ് കേസുകൾ (3623). കുറവ് കണ്ണൂരിൽ (616). കോട്പ കൂടുതൽ കൊല്ലത്താണ് (39,232). കാസർകോടാണ് കുറവ് (12,466). അബ്കാരി കേസിൽ പാലക്കാടാണ് മുന്നിൽ (9082). കുറവ് ഇടുക്കിയിൽ (2812 ).
5 വർഷം; പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
അഞ്ച് വർഷത്തിനിടെ എക്സൈസ്, പൊലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നീ വകുപ്പുകൾ പിടിച്ചെടുത്ത തൊണ്ടി മുതലുകൾ- സ്പിരിറ്റ് (45,641.35 ലിറ്റർ), ചാരായം (31,535.32 ലിറ്റർ), ഇന്ത്യൻ നിർമിത വിദേശമദ്യം (1,70,411.83 ലിറ്റർ), കഞ്ചാവ് (13,439.56 കിലോ), കോട (8,32,248 ലിറ്റർ), കഞ്ചാവ് ചെടി (8078 എണ്ണം),ഹെറോയിൻ (2337.16 കിലോ), ബ്രൗൺ ഷുഗർ (167.2 കിലോ), ആംപ്യൂൾ (38), ടാബ് (1844.54 കിലോ), എംഡിഎംഎ (1475.44 കിലോ), ഹാഷിഷ് ഓയിൽ (1,12,212.20 കിലോ).