കൊച്ചി: മോൻസൻ മാവുങ്കലിൽനിന്ന് പിടിച്ചെടുത്ത ശിൽപങ്ങൾ ശിൽപി സുരേഷിന് നൽകാൻ കോടതിയുടെ ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ കൈവശമുള്ള ഒമ്പത് ശിൽപങ്ങൾ വിട്ടുനൽകാനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
പൗരാണിക കാലത്തോളം പഴക്കമുണ്ടെന്ന് അവകാശപ്പെട്ട് മോൻസൺ മാവുങ്കൽ പ്രദർശിപ്പിച്ച വിശ്വരൂപം ഉൾപ്പെടെ പല ശിൽപങ്ങളും കോവളം സ്വദേശിയായ ശിൽപി സുരേഷ് നിർമിച്ചതാണ്. ഈ ശിൽപങ്ങൾ തിരിച്ചുനൽകണമെന്നാണ് ഉത്തരവ്. കോടതിയിൽ സൂക്ഷിച്ചിരുന്ന സിംഹത്തിന്റെ ശിൽപം സുരേഷിന് തിരിച്ചുനൽകിയിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ള ബാക്കി ശിൽപങ്ങൾ തിങ്കളാഴ്ച നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ശിൽപങ്ങൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ശിൽപി സുരേഷാണ് കോടതിയിൽ ഹർജി നൽകിയത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന ശിൽപങ്ങളാണ് ഇവ.