തിരുവനന്തപുരം> കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്തിലെ മലവിള -പുലിക്കുഴി റോഡിന്റെ നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് ഉയർന്ന പരാതികളിൽ കഴമ്പുണ്ടെന്ന് ബോധ്യമായതിനാൽ പൊതുമരാമത്ത് വിജിലൻസ് വിംഗ് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു.
കേടുപാടുകൾ ഇല്ലാത്ത റോഡിലാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്നും നിർമ്മാണം കഴിയുന്നതിനുമുമ്പ് റോഡിലെ ടാറിങ് ഇളകി മാറുന്നു എന്നതുമായിരുന്നു പരാതി. പ്രാദേശിക മാധ്യമങ്ങളും മറ്റു മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ അനാവശ്യ അറ്റകുറ്റപ്പണികൾ നടത്തുന്നത് അന്വേഷിക്കാൻ ഏൽപ്പിച്ച പ്രത്യേക ടീമിനോട് മന്ത്രി റിപ്പോർട്ട് തേടുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും രാപകൽ വ്യത്യാസമില്ലാതെ പ്രശംസനീയമായ വിധത്തിൽ ജോലിചെയ്യുന്നവരാണ്. ചിലയിടങ്ങളിൽ ഗതാഗതകുരുക്ക് ഒഴിവാക്കാൻ രാത്രി ഉറക്കമൊഴിച്ചിരുന്ന് റോഡ് പ്രവർത്തികൾ നിരീക്ഷിക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥരുണ്ട്. മന്ത്രി എന്ന നിലയിൽ അവരെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട്.
എന്നാൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെയും വകുപ്പിനെയും മോശമാക്കുന്ന വിധത്തിൽ ചെറിയ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവണതകളെ തിരുത്തുക എന്നത് പ്രധാന ഉത്തരവാദിത്വമായാണ് വകുപ്പ് കാണുന്നത്. ഓരോ പ്രദേശത്തും ഇത്തരത്തിലുള്ള വിഷയങ്ങൾ ശ്രദ്ധയിപ്പെട്ടാൽ ഇതു പോലെ ഒട്ടും വൈകാതെ അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.