കൊച്ചി> ഗർഭിണികളായ സ്ത്രീകൾക്ക് നിയമന നിരോധനമേർപ്പെടുത്തിയ ഉത്തരവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ) സംസ്ഥാന വനിത സബ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഗർഭകാലം മൂന്നു മാസമോ അതിൽ കൂടുതലോ ആയ യുവതികൾക്ക് നിയമനത്തിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് എസ്ബിഐ മാനേജ്മെന്റ് ഡിസംബർ 31നാണ് പുതിയ സർക്കുലർ ഇറക്കിയത്. ഇത് ഭരണാഘടനാ ലംഘനം മാത്രമല്ല, അങ്ങേയറ്റം സ്ത്രീ വിരുദ്ധവും അപരിഷ്കൃതവുമാണ്. മറ്റെല്ലാ യോഗ്യതയുമുണ്ടായിട്ടും, നിയമിതയാകുമ്പോൾ ഗർഭിണി ആയിരിക്കരുത് എന്ന ഉത്തരവ് ലിംഗ വിവേചനത്തിന് ആക്കം കൂട്ടുകയാണ്.
വിവാഹവും പ്രസവവും ഒന്നും ആവശ്യമില്ലാത്ത യന്ത്ര മനുഷ്യരെ സൃഷ്ടിക്കുന്ന മുതലാളിത്ത ലാഭക്കൊതിയുടെ മൂർത്ത രൂപങ്ങളായി നമ്മുടെ പൊതുമേഖലാ ബാങ്കുകളും മാറുകയാണ്. ഇത്തരം പ്രവണതകൾ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. സ്ത്രീകളുടെ ശാരീരിക അവസ്ഥകളിലേക്കും സ്വകാര്യതകളിലേക്കുമുള്ള കടന്നു കയറ്റമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാൻ കഴിയാത്ത ഈ ഉത്തരവ് എസ്ബിഐ മാനേജ്മെന്റ് പിൻവലിക്കണം. ഇത്തരം സ്ത്രീ വിരുദ്ധ സമീപനങ്ങൾ പുലർത്തുന്ന ബാങ്ക് മാനേജ്മെന്റുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ ജാഗ്രത പുലർത്തണമെന്നും ബെഫി കേരള വനിത സബ് കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു.