തിരുവനന്തപുരം
ലോകായുക്ത നിയമഭേദഗതിയെ വിമർശിക്കുന്നവർ മുൻ മന്ത്രി കെ ടി ജലീലിനെതിരായ വിധിയിലെ സാമാന്യനീതിനിഷേധം വിസ്മരിക്കുന്നു. ലോകായുക്തയുടെ അന്നത്തെ നടപടി ചട്ടലംഘനമാണെന്ന് അഡ്വക്കറ്റ് ജനറൽ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. വിധി പറയുംമുമ്പ് ഒരു തവണപോലും മന്ത്രിയെ കേട്ടില്ല. സർക്കാരിനെ അസ്ഥിരപ്പെടുത്താൻപോലും ലോകായുക്തയെ ഉപയോഗിക്കാമെന്നതിന് തെളിവായിരുന്നു വിധി.
ന്യൂനപക്ഷ ധനവികസന കോർപറേഷൻ എംഡിയുടെ ഡെപ്യൂട്ടേഷൻ നിയമനമാണ് പരാതിക്കാധാരം. എന്നാൽ, നിയമനത്തിൽ അഴിമതി ഇല്ലായിരുന്നു. സംഭവം വിവാദമാക്കിയപ്പോൾ നിയമനംലഭിച്ചയാൾ രാജിവച്ചു. വാങ്ങിയ വേതനം പലിശ സഹിതം അടച്ചു. ഇതിനാൽ സർക്കാരിന് ഒരു രൂപ നഷ്ടമില്ല. എന്നിട്ടും ജലീലിനെ പുറത്താക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു.
ചട്ടം പാലിക്കാതെയാണ് ഉത്തരവെന്ന് എജി വ്യക്തമാക്കി. ലോകായുക്ത ചട്ടം ഒമ്പത് (മൂന്ന്) പ്രകാരമുള്ള നടപടി ക്രമം പാലിച്ചില്ല. പരാതി ലഭിച്ചാൽ അന്വേഷണത്തിനുമുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണം. ജലീലിന് പകർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമാണെന്നും എജി പറഞ്ഞു.
ആവർത്തിക്കുന്ന നുണകൾ
നിയമസഭ പാസാക്കിയ ലോകായുക്ത നിയമത്തിലെ അപാകം പരിഹരിക്കാൻ ഭേദഗതി വരുത്തുമ്പോൾ അന്ന് നിങ്ങൾ അനുകൂലിച്ചില്ലേ എന്ന് ചോദിക്കുന്ന പ്രതിപക്ഷ വാദം അപഹാസ്യം. അഴിമതിയിൽ മുങ്ങിയ യുഡിഎഫ് സർക്കാരിനെ പുറത്താക്കി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ 1999ലാണ് ലോകായുക്ത കൊണ്ടുവന്നത്. കോൺഗ്രസ് നേതാക്കൾ ഒന്നൊന്നായി അഴിമതിക്കേസിൽ പ്രതിയാകുന്ന കാലമായിരുന്നു അത്. അന്നും അമിതാധികാരം സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. കൃത്യമായ ഒരു നിയമ മാതൃകയും ലഭ്യമായിരുന്നില്ല. കർണാടകം പാസാക്കിയ ഏക നിയമം മാത്രമാണ് മുന്നിൽ.
എന്നാൽ, കർണാടകംതന്നെ ലോകായുക്തയ്ക്ക് മന്ത്രിയെ പുറത്താക്കാനുള്ള അധികാരം പിന്നീട് ഒഴിവാക്കി. ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത ‘ ക്ലോസ് ’ആണ് ലോകായുക്തയ്ക്കുള്ള ഈ അമിതാധികാരമെന്ന് നിയമവിദഗ്ധർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് പല കോടതിവിധികളും ആ വഴിക്കുണ്ടായി. പുറത്താക്കാനുള്ള അധികാരം ഇല്ലെങ്കിലും രാജ്യത്തെ പല ലോകായുക്തകളും അഴിമതിക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നിട്ടുണ്ട്. ഒരു വകുപ്പ് ഭേദഗതി ചെയ്താലും കേരളത്തിലെ ലോകായുക്തയും ശക്തമായ സംവിധാനമായി തുടരുമെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.