കൊച്ചി: പ്രോസിക്യൂഷന്റെ അപ്രതീക്ഷിത നീക്കത്തിൽ കോടതിയിൽ അടിതെറ്റി ദിലീപ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോണുകൾ ഹാജരാക്കാത്തതിൽ കോടതി കടുത്ത ഭാഷയിൽ വിമർശമുന്നയിച്ചു. എന്നാൽ ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകൾ ഉണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്. ഭാര്യയുമായും അഭിഭാഷകനുമായും ദിലീപ് നടത്തിയ സംഭാഷണൾ ഫോണിലുണ്ട്. അന്വേഷണ സംഘം സ്വകാര്യതയിലേക്ക് കടന്നുകയറുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു.
ദിലീപ് ഫോൺ കൈമാറാത്തത് അന്വേഷണത്തോട് സഹകരിക്കാത്തതിന്റെ ഭാഗമായാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഫോൺ ഹാജരാക്കാൻ കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഉപഹർജിയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തുടർന്ന് ഉച്ചക്ക് 1.45- ഓടെ കേസ് പരിഗണിച്ച കോടതി ഫോണുകൾ ഹാജരാക്കാത്തതിൽ കടുത്ത ഭാഷയിൽ ദിലീപിനെതിരെ വിമർശം ഉന്നയിച്ചു. ഫോൺ കൈമാറണമെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
അതേസമയം ഫോണിനുള്ളിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും അത് വിശ്വാസ്യതയോടെ കൈമാറണമെങ്കിൽ ശാസത്രീയ പരിശോധനക്ക് അയക്കേണ്ടതുമായിരുന്നു ദിലീപിന്റെ വാദം. പരിശോധനക്ക് ശേഷം അതിന്റെ വിവരങ്ങൾ കോടതിക്ക് നൽകാമെന്നും ദിലീപ് അറിയിച്ചു. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണുകൾ മുൻപ് അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതാണ്. താൻ മാധ്യമ വിചാരണ നേരിടുകയാണ്. ഭാര്യയുമായി നടത്തിയ സംഭാഷണം ഫോണിലുണ്ട്. അന്വേഷണ സംഘം സ്വകാര്യതയിലേക്ക് കടക്കുന്നുവെന്നും ദിലീപ് കോടതിയിൽ ആരോപിച്ചു. എന്നാൽ ഫോൺ ഹൈക്കാടതി രജിസ്്ട്രാർ ജനറലിന് നൽകിക്കൂടേയെന്ന് ഹൈക്കാടതി ആരാഞ്ഞു. ഫോൺ കോടതിയിൽ ഹാജരാക്കിയാൽ മാധ്യമങ്ങൾ തന്നെ സംശയ നിഴലിലാക്കുമെന്ന് ആയിരുന്നു ദിലീപിന്റെ മറുപടി. കേസ് പരിഗണിക്കുന്ന വിവരം താൻ 11.30നാണ് അറിഞ്ഞത്. അതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
ദിലീപിനെ കുടുക്കാൻ തന്ത്രപരമായ നീക്കമാണ് പ്രോസിക്യൂഷൻ ഇന്ന് നടത്തിയത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ബുധനാഴ്ച വരെ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം മാറ്റിവെക്കുകയായിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഉപഹർജിയുമായി പ്രോസിക്യൂഷൻ ഇന്ന് കോടതിയെ സമീപിച്ചത്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഫോൺ കൈമാറാത്തത് അന്വേഷണത്തോട് സഹകരിക്കാത്തതിന്റെ ഭാഗമാണെന്നും ഫോൺ ഹാജരാക്കാൻ കോടതി നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഉപഹർജിയുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. ദിലീപിന്റെ നിലപാട് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ദിലീപിനെതിരായ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനു ശേഷമാണ് അഞ്ച് പ്രതികളും ഫോൺ മാറ്റിയിരിക്കുന്നത്. ഐ.എം.ഇ.എ നമ്പർവെച്ചുള്ള പരിശോധനയിലാണ് ഫോണുകൾ മാറ്റിയ വിവരം വ്യക്തമായത്. ഫോണുകൾ മാറ്റിയതിൽ അസ്വാഭാവികതയുണ്ട്. മാറ്റിയ ഫോണുകൾ ലഭിച്ചാൽ മാത്രമേ അന്വേഷണം കൃത്യമായി മുന്നോട്ട് പോകുകയുള്ളൂവെന്നും പ്രോസിക്യൂഷൻവാദിച്ചു.
Content Highlights:High Courtraps Dileep, others for not submitting mobile phones to Crime Branch