കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ശനിയാഴ്ച ഹൈക്കോടതി വിശദമായി വാദം കേൾക്കും. ദിലീപ് ഫോണ് കൈമാറാത്തത് തെളിവ് നശിപ്പിക്കാനാണെന്നും അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യഹര്ജി ഇന്നു തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഹർജി പരിഗണിച്ച കോടതി അവധി ദിനമായിട്ടും ശനിയാഴ്ച രാവിലെ 11ന് വിശദമായി വാദം കേൾക്കാൻ തീരുമാനിച്ചു.
കേസില് നടന് ദിലീപ് അടക്കമുള്ളവരുടെ ജാമ്യഹർജി ഉടനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജി പരിഗണിച്ച ഹൈക്കോടതി ഫോണ് അന്വേഷണ സംഘത്തിന് കൈമാറണമെന്ന് നിർദേശിച്ചു. ഫോണ് എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ആരാഞ്ഞു. ഫോണ് കൈമാറാത്തത് ശരിയായ നടപടിക്രമം അല്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് പി ജെ ഗോപിനാഥ് ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥർക്കെ് എതിരെയുള്ള വധ ഗൂഢാലോചനക്കേസില് ദിലീപിന്റെ മുന്കൂര് ജാമ്യഹര്ജിയെ എതിര്ത്ത് പ്രോസിക്യൂഷൻ നലകിയ ഉപ ഹര്ജി പരിഗണിക്കുയായിരുന്നു കോടതി. സംവിധായകൻ ബാലചന്ദ്രകുമാറുമായുള്ള ദിലീപിന്റെ സംഭാഷണങ്ങൾ പരിശോധിക്കുവാനാണ് ഫോൺ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരി 2ലേക്ക് മാറ്റിയിരുന്നു. എന്നാൽ ഹർജി ഉടനെ പരിഗണിക്കണം എന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഉപഹർജി നൽകിയത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുംദിലീപ് അടക്കമുള്ള പ്രതികള് മൊബൈല് ഫോണ് ഹാജരാക്കാത്തത് ദുരുദ്ദേശത്തോടെയാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.ഫോണ് ഹാജരാക്കാന് കോടതി നിര്ദ്ദേശിക്കണമെന്നും ഉപഹര്ജിയില് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം ഫോണ് കൈമാറാത്തതിന്റെ കാരണങ്ങള് ദിലീപിന്റെ അഭിഭാഷകന് വിശദീകരിച്ചു. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള് അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നത് എന്നാണ് ദിലീപിന്റെ പ്രധാന വാദം . ഒട്ടേറെ നിർണായക വിവരങ്ങൾ ഫോണിലുണ്ടെന്നും അത് കൈമാറണമെന്ന് പറയുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നകൈയറ്റമാണെന്നും ദിലീപ് പറയുന്നു.