കോഴിക്കോട്/ബെംഗളൂരു: കോഴിക്കോട് വെള്ളിമാടുകുന്നിലെ സർക്കാർ ചിൽഡ്രൻസ് ഹോമിൽനിന്ന് ബുധനാഴ്ച കാണാതായ ആറു പെൺകുട്ടികളിൽ ഒരാളെ ബെംഗളൂരു പോലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളും പിടിയിലായിട്ടുണ്ട്. അഞ്ചു പെൺകുട്ടികൾ രക്ഷപ്പെട്ടു. ഇവർക്കായി ബെംഗളൂരു പോലീസ് തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മഡിവാള മാരുതിനഗറിലെ ഹോട്ടലിൽവെച്ചാണ് ഇവർ പിടിയിലായത്. പിടിയിലായ യുവാക്കളിലൊരാൾ തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയും മറ്റൊരാൾ കൊല്ലം സ്വദേശിയുമാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഈ യുവാക്കൾ ഹോട്ടലിലെത്തി മുറി അന്വേഷിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ വീണ്ടും വന്ന് തിരിച്ചറിയൽ കാർഡ് കാണിച്ച് മുറി ബുക്കുചെയ്യാനൊരുങ്ങി. കുറച്ച് സന്ദർശകരുണ്ടാകുമെന്നും അറിയിച്ചു. അധികം താമസിയാതെ ആറു പെൺകുട്ടികൾ ലോബിയിലേക്ക് കയറിവന്നു. തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ കൈയിലില്ലെന്നും എല്ലാവരുടെയും മൊബൈൽ ഫോൺ കളവുപോയെന്നുമായിരുന്നു മറുപടി. ഇതോടെ ജീവനക്കാർക്ക് സംശയംതോന്നി. കേരളത്തിൽനിന്ന് പെൺകുട്ടികളെ കാണാതായതു സംബന്ധിച്ച് നേരത്തേ മലയാളി സംഘടനാ പ്രവർത്തകർ ഹോട്ടലുകാർക്ക് മുന്നറിയിപ്പുനൽകിയിരുന്നു. അതിനാൽ ഹോട്ടൽ ജീവനക്കാർ മഡിവാള പോലീസിനെയും കെ.എം.സി.സി, എം.എം.എ. പ്രവർത്തകരെയും വിവരമറിയിച്ചു. ഇതിനിടെ പെൺകുട്ടികൾ ഇറങ്ങി ഓടാൻ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് അടച്ചെങ്കിലും അഞ്ചുപേർ സമീപത്തെ മതിൽചാടി രക്ഷപ്പെട്ടു. മൊബൈൽ ഫോൺ നഷ്ടമായെന്നു പറഞ്ഞാണ് പെൺകുട്ടികൾ സഹായം തേടിയതെന്നാണ് യുവാക്കൾ അറിയിച്ചത്.
പെൺകുട്ടികൾ ബെംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ചതോടെ ചേവായൂർ ഇൻസ്പെക്ടർ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. പെൺകുട്ടിയെ കേരള പോലീസിന് കൈമാറും. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ചിൽഡ്രൻസ് ഹോം വിട്ടിറങ്ങിയത്. അടുക്കളഭാഗംവഴി സമീപത്തുണ്ടായിരുന്ന കോണി ഉപയോഗിച്ച് പാരപ്പറ്റിലേക്ക് കയറി പിറകുവശം വഴിയാണ് കുട്ടികൾ പോയതെന്ന് അധികൃതർ പറഞ്ഞു.
കാണാതായ കുട്ടികളിൽ രണ്ടുപേർ ഈ മാസം 25-ന് ചിൽഡ്രൻസ് ഹോമിൽ എത്തിയതാണ്. മറ്റു നാലുപേർ ഒരു മാസത്തിനിടയിലും എത്തിയവരാണ്.
കുട്ടികളെ കാണാതായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. അന്വേഷണം ഊർജിതമാക്കാനും റിപ്പോർട്ട് നൽകാനും ജില്ലാ പോലീസ് മേധാവിക്ക് ചെയർമാൻ കെ.വി. മനോജ് കുമാർ നിർദേശം നൽകി. കമ്മിഷൻ അംഗം ബി. ബബിത ചിൽഡ്രൻസ് ഹോം സന്ദർശിച്ചു.