കൊച്ചി: കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിന്റെ അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി. കേസ് അവസാനിപ്പിക്കാനുള്ള തിടുക്കത്തിൽ തെളിവ് ശേഖരിക്കുക എന്നത് വിട്ടുകളയുകയായിരുന്നുവെന്നും പകൽവെളിച്ചത്തിലേക്ക് ഇറങ്ങിനടന്ന് തെളിവ് ശേഖരിക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. ഒന്ന്, മൂന്ന്, നാല്, ഏഴ് പ്രതികളുടെ കുറ്റസമ്മത മൊഴിയുടെമാത്രം അടിസ്ഥാനത്തിലാണ് എൻ.ഐ.എ. എഴുതിയുണ്ടാക്കിയത്. തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതേവിട്ട ഉത്തരവിൽ തെളിവ് ശേഖരിക്കുന്നതിൽ എൻ.ഐ.എ.യ്ക്കുണ്ടായ വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
തണലിൽ സുരക്ഷിതമായി ഇരുന്ന് കുറ്റക്കാരന്റെ കണ്ണുകളിൽ മുളക് തേയ്ക്കുകയല്ല, മറിച്ച് തെളിവിനായി പകൽവെളിച്ചത്തിലേക്ക് ഇറങ്ങി അന്വേഷിക്കുകയാണ് വേണ്ടത് എന്ന് ഇംഗ്ലീഷ് ക്രിമിനൽ നിയമചരിത്രത്തിൽ സ്റ്റീഫൻ കുറിച്ച വാക്കുകൾ ആമുഖമായി എഴുതിച്ചേർത്താണ് 101 പേജുള്ള വിധിന്യായം തുടങ്ങുന്നത്. മാപ്പുസാക്ഷിയായ ഷമ്മി ഫിറോസിന്റെ മൊഴികൾ ദയനീയമായി പരാജയപ്പെട്ടു. അയാളെ വിശ്വസിക്കാനോ ആശ്രയിക്കാനോ ആകില്ലെന്നും കോടതി വിലയിരുത്തി. കുറ്റവാളികളുടെ വെളിപ്പെടുത്തലിനായി മുളക് പ്രയോഗം നടത്തിയതായി കരുതുന്നില്ല. തെളിവ് നിയമത്തിലെ സെക്ഷൻ 25, 26 പ്രകാരമല്ല പ്രതികളുടെ കുറ്റസമ്മതമൊഴിപോലും രേഖപ്പെടുത്തിയതെന്നതടക്കമുള്ള സുപ്രധാന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.
കോടതി ചൂണ്ടിക്കാട്ടിയ പ്രധാന വീഴ്ചകൾ
സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകൾ സ്ഫോടനം നടന്നെന്ന് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ, മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ കറുത്ത കവറിലാണ് ബോംബ് വെച്ചതെന്നാണ് സാക്ഷികൾ പറഞ്ഞത്. ഇത് ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴിയെ ബലപ്പെടുത്തുന്നതല്ല. മർകസ് മസ്ജിദിൽ രണ്ട് കറുത്തകവറുകൾ കണ്ടെന്നാണ് ഈ സാക്ഷിയുടെ മൊഴി. കറുത്തകവറിലാണ് ബോംബ് വെച്ചതെന്ന വിവരം കസ്റ്റഡിയിലുള്ള പ്രോസിക്യൂഷൻ സാക്ഷിയോട് പോലീസിനു തന്നെ പറയാൻ കഴിയുമായിരുന്നു.
സ്ഫോടനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നസീറാണ് നടത്തിയെന്നത് തെളിയിക്കാൻ ആശ്രയിക്കുന്ന 24 മുതൽ 26 വരെയുള്ള സാക്ഷികളുടെ മൊഴികൾതന്നെ ഇത് കളവാണെന്ന് കാണിക്കുന്നു.
24-ാം സാക്ഷിയായ ആളുടെ വീട്ടിൽനിന്നാണ് ജലാറ്റിൻസ്റ്റിക് വാങ്ങിയതെന്നാണ് വെളിപ്പെടുത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നും കിട്ടിയില്ല.
നസീറിനെ 25, 26 സാക്ഷികൾ തിരിച്ചറിഞ്ഞിട്ടില്ല.
മർകസ് മസ്ജിദ്, ബസ് സ്റ്റാൻഡിൽ ബോംബ് വെച്ച രണ്ട് സ്ഥലങ്ങൾ, കെ.എൽ. അർക്കേഡിൽ ബോംബ് സൂക്ഷിച്ച മുറികൾ എന്നിവയെക്കുറിച്ചൊക്കെ നസീർ വെളിപ്പെടുത്തുന്നുണ്ട്. ഇവിടെനിന്നൊന്നും തെളിവുകൾ കണ്ടെത്താനായില്ല.
സ്ഫോടനത്തിനുമുമ്പ് മർകസ് മസ്ജിദിലും സ്ഫോടനത്തിനു ശേഷം പട്ടാളം മോസ്കിലും പ്രതികൾ ഒത്തുചേർന്നതായി പറയുന്നുണ്ടെങ്കിലും തെളിവില്ല.
ഭീഷണി കോളുകൾ ആര് വിളിച്ചെന്നോ എവിടെനിന്ന് വിളിച്ചെന്നോ തെളിയിക്കപ്പെട്ടിട്ടില്ല.
മതേതര മുഖത്തെയാണ് ചോദ്യംചെയ്യുന്നത്
മതത്തിന്റെയും സമുദായത്തിന്റെയും പേരിലുള്ള പ്രതികാരത്തിന്റെ പേരിൽ രാജ്യസംവിധാനങ്ങൾക്കെതിരേ നടക്കുന്ന അക്രമങ്ങൾ സമൂഹത്തിന്റെ മതേതര മുഖത്തെയാണ് ചോദ്യംചെയ്യുന്നതെന്ന് ഹൈക്കോടതി ഉത്തരവിൽ ഓർമിപ്പിച്ചു.
സംസ്ഥാനത്തിന്റെ മതേതര മുഖത്തേറ്റ കളങ്കമായിരുന്നു മാറാട് കലാപം. അതിന്റെ പ്രതിധ്വനിയാണ് ഇരട്ടസ്ഫോടനത്തിനു പിന്നിലും എന്നാണ് കണ്ടെത്തിയതെന്നും കോടതി വിലയിരുത്തി.
അന്വേഷണത്തിലെ ബുദ്ധിമുട്ടും മനസ്സിലാകും
സംഭവംനടന്ന് നാലുവർഷത്തിനുശേഷം എൻ.ഐ.എ. ഏറ്റെടുത്ത കേസിലെ അന്വേഷണത്തിനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാകും. കേസിലെ മൂന്നാംപ്രതിയെ മറ്റൊരു കേസിൽ അറസ്റ്റുചെയ്ത് ചോദ്യംചെയ്തപ്പോഴാണ് കോഴിക്കോട് സ്ഫോടനക്കേസിലും പങ്കുണ്ടെന്നു സമ്മതിക്കുന്നത്. ഇതിനുശേഷമാണ് നസീർ അടക്കമുള്ള എട്ടുപേരെ കേസിൽ പ്രതിചേർക്കുന്നത്. ഒമ്പതാം പ്രതിയെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യംചെയ്യുകയോ ഉണ്ടായില്ലെന്നും കോടതി വിലയിരുത്തി.
സ്ഫോടനം 2006-ൽ
2006 മാർച്ച് മൂന്നിന് 12.30-നും ഒന്നിനുമായിട്ടായിരുന്നു കോഴിക്കോട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലും മൊഫ്യൂസിൽ ബസ്സ്റ്റാൻഡിലും സ്ഫോടനം നടന്നത്. മാറാട് കലാപത്തിലെ പ്രതികൾക്ക് ജാമ്യം നൽകാത്തതിനോടുള്ള പ്രതികാരമായിരുന്നു സ്ഫോടനം എന്നാണ് കണ്ടെത്തിയത്.
Content Highlights:High court blames NIA on Kozhikode twin blasts case