തിരുവനന്തപുരം
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും സിഎഫ്എൽടിസികളും സമൂഹ അടുക്കളയും ഉടൻ ആരംഭിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ നിർദേശം നൽകി. സമൂഹ അടുക്കളയോ ജനകീയ ഹോട്ടലോ മുഖേന രോഗികൾക്ക് ഭക്ഷണം എത്തിക്കണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾ പ്രാദേശിക ഇടപെടൽ ശക്തിപ്പെടുത്തണം. കോവിഡ് അവലോകന യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ കോവിഡ് വ്യാപനം ആഴ്ചയിൽ ഒരുദിവസം അവലോകനം ചെയ്യണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം ലഭ്യമാക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണം. വാർറൂമും ദ്രുത പ്രതികരണ സംഘ (ആർആർടി)വും സജ്ജമാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കണം.
വാർഡുതല ജാഗ്രതാ സമിതി യോഗം ആഴ്ചയിലും ചേരണം. സി കാറ്റഗറി ജില്ലകളിൽ വാർഡുതല ജാഗ്രതാ സമിതികൾ ആഴ്ചയിൽ രണ്ട് തവണയെങ്കിലും ചേർന്ന് സ്ഥിതിഗതി വിലയിരുത്തണമെന്നും മന്ത്രി നിർദേശിച്ചു.