തിരുവനന്തപുരം
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് സംബന്ധിച്ച വസ്തുതകൾ മാധ്യമങ്ങൾ മറച്ചുവയ്ക്കുന്നത് ഖേദകരമാണെന്ന് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു. ജനാധിപത്യ വ്യവസ്ഥയിൽ അമിതാധികാരമുള്ള മറ്റൊരു സംവിധാനമുണ്ടാകുന്നത് നീതികരിക്കാനാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ‘‘ ലോകായുക്തയ്ക്ക് മന്ത്രിമാരെ നീക്കാനുള്ള അധികാരം നൽകുന്ന വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. നമ്മുടേത് ജനാധിപത്യ സംവിധാനമാണ് എന്നതുകൊണ്ടു തന്നെ ഈ ഭേദഗതി നീതികരിക്കാവുന്നതാണ്. ഈ വസ്തുത മലയാള മാധ്യമങ്ങൾ ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കുന്നത് ഖേദകരമാണ് ’’ –- ട്വീറ്റിൽ പറഞ്ഞു.
ലോകായുക്തയുടെ അധികാരങ്ങൾ ഇല്ലാതാക്കുന്നുവെന്നും പിരിച്ചുവിടുകയാണ് ഭേദമെന്നുമാണ് മാധ്യമങ്ങളുടെ പ്രചാരണം. ലോക്പാലിനോ മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്തകൾക്കോ ഭരണഘടനാ പദവിയിലിരിക്കുന്നവരെ നീക്കാനുള്ള അധികാരമില്ല. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഈ വ്യവസ്ഥകൾ നീക്കിയിട്ടുണ്ട്. ഈ വസ്തുതകൾ പറയാതെയാണ് സർക്കാരിനെതിരെ മാധ്യമങ്ങളുടെ ഹാലിളക്കം. ഓർഡിനൻസ് മാർഗം സ്വീകരിച്ചതിനെയും അദ്ദേഹം വിമർശിച്ചിട്ടുണ്ട്.