കൊച്ചി> സംരംഭം തുടങ്ങുന്നതിനായി മിനി മരിയ ജോസിക്ക് ഇനി കോർപറേഷൻ ഓഫീസിൽ കയറി ഇറങ്ങേണ്ട. എറണാകുളം പെരുമ്പടപ്പ് സ്വദേശിയായ മിനി മരിയ ജോസിയുടെ സംരംഭത്തിനുള്ള ലൈസൻസ് കോർപ്പറേഷൻ കൈമാറി. സർക്കാർ ഓഫീസിൽ ഉണ്ടായ ദുരനുഭവം ഇവർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയതിന് പിന്നാലെ മന്ത്രി രാജീവ് നേരിട്ട് പ്രശ്നത്തിൽ ഇടപ്പെട്ട് പരിഹാരം കാണുകയായിരുന്നു.
കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത്, ഡിവിഷൻ കൗൺസിലർ രഞ്ജിത് മാസ്റ്റർ എന്നിവർ മിനിക്ക് പൂർണ്ണ സഹായവും പിന്തുണയും നൽകി. സർക്കാർ നയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച രണ്ട് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി .മേയർ അനിൽകുമാർ അറിയിച്ചെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
സംരംഭം തുടങ്ങാൻ എത്തുന്നവർക്ക് എല്ലാ വകുപ്പുകളും ഓഫീസുകളും പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. വ്യവസായ വകുപ്പാകട്ടെ അവർക്ക് ഹാൻഡ് ഹോൾഡ് സർവ്വീസ് നൽകുകയാണ്. ഇതിൽ നിന്ന് ഭിന്നമായ നിലപാട് ആരെങ്കിലും സ്വീകരിച്ചാൽ തക്കതായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.
ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മന്ത്രി പി രാജീവ് നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും രണ്ട് ദിവസങ്ങൾ കൊണ്ട് എല്ലാ ശരിയാക്കി നൽകുമെന്ന് ഉറപ്പ് നൽകിയെന്നും കഴിഞ്ഞ ദിവസം മിനി മരിയ ജോസി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു.