തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസിന് ഹിജാബും സ്കാർഫും ഫുൾസ്ലീവ് വസ്ത്രവും അനുവദിക്കാനാകില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. വിഷയത്തിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഹിജാബും സ്കാർഫും ഫുൾസ്ലീവ് വസ്ത്രവും സ്റ്റുഡന്റ് പോലീസിന്റെ ഭാഗമാക്കാനാകില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. ഭരണഘടനാപരമായി ഇത്തരം സേനകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അനുവാദമുണ്ട്. സ്റ്റുഡന്റ് പോലീസ് സേനയിൽ ചേരണമെന്നത് നിർബന്ധമുള്ള കാര്യവുമല്ല. മതപരമായ വേഷങ്ങൾ സേനയുടെ ഭാഗമാക്കിയാൽ അത് സേനയുടെ മതേതരത്വത്തെ ബാധിക്കും. മാത്രമല്ല, മറ്റുസേനകളിലും ഇതേ ആവശ്യങ്ങൾ ഉയരുമെന്നും ഈ സാഹചര്യത്തിൽ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.
കോഴിക്കോട് കുറ്റ്യാടി ജി.എച്ച്.എസിലെ ഒരു വിദ്യാർഥിനിയാണ് സ്റ്റുഡന്റ് പോലീസിന് ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് സേനയിൽ ചേരുകയും ഹിജാബും ഫുൾസ്ലീവ് വസ്ത്രവും ധരിച്ച് പരേഡിനെത്തുകയും ചെയ്തിരുന്നു. എന്നാൽ സേനയുടെ ചുമതലയുള്ള അധ്യാപകൻ ഈ വസ്ത്രധാരണം വിലക്കി. തുടർന്നാണ് വിദ്യാർഥിനി ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർഥിനിയുടെ ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് സ്റ്റുഡന്റ് പോലീസിന് മതപരമായ വസ്ത്രം ധരിക്കാമോ എന്ന് സർക്കാരിനോട് ചോദിച്ചത്. വിഷയത്തിൽ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.
Content Highlights: Hijab and scarf cant allow to Student Police Cadets-Home department issued order