തിരുവനന്തപുരം > കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതലയോഗം ഇന്ന് നടക്കും. ഒന്ന് മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, എന്നിവ യോഗം ചർച്ച ചെയ്യും.
ഡി ഡി, ആർ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥർ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കും. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പരീക്ഷാ തിയതി തൽക്കാലം മാറ്റേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ കോവിഡ് അവലോകനസമിതി തീരുമാനിച്ചത്.
നിലവില് സംസ്ഥാനത്ത് ഒന്ന് മുതല് ഒമ്പത് വരെയുള്ള ക്ലാസുകള് ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് സര്ക്കാര് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ ഹെഡ്മാസ്റ്റർക്ക് അധികാരം നൽകിയിട്ടുണ്ട്.