കാസർകോട്: റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണറിപ്പോർട്ട്. ജില്ലാ പോലീസ് മേധാവി ഐ.ജിക്കും എ.ഡി.എം ലാൻഡ് റവന്യൂ കമ്മീഷണർക്കും ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് കൈമാറി.
സംഭവത്തിൽഎ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പോലീസ് ഓഫീസർ ബിജുമോൻ എന്നിവർക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. എ.ഡി.എമ്മിന്റെയും ജില്ലാ പോലീസ് മേധാവിയുടെയും റിപ്പോർട്ടിൽ സമാനമായ കണ്ടെത്തലാണുള്ളത്.
ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പരാമർശമുള്ളതായാണ്വിവരം. വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാവ തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർത്തിയതിലെ വീഴ്ച അധികൃതർക്ക് ബോധ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.
content highlights:republic day flag hoisting controversy, enquiry report submitted