കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദീലിപിന്റെ 33 മണിക്കൂർ ചോദ്യംചെയ്യൽ പൂർത്തിയായി. അവസാനദിനം വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. എന്നാൽ, കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മൂന്നാംദിനവും ദിലീപ്.
ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാടിനെ ചൊവ്വാഴ്ച അന്വേഷണസംഘം വിളിച്ചുവരുത്തിയിരുന്നു. ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് വ്യാസൻ തിരിച്ചറിഞ്ഞു. കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് വ്യാസൻ മാധ്യമങ്ങളോടു പറഞ്ഞു.
ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖകളിലെ ദിലീപിന്റെ ശബ്ദം സംവിധായകൻ റാഫി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് കൃത്യമായ മറുപടി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
അവസാനദിനത്തിലെ ചോദ്യംചെയ്യലിന് നേതൃത്വം നൽകാൻ ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും എത്തിയിരുന്നു. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയാണ് മൂന്നുദിവസങ്ങളിലായി ചോദ്യംചെയ്തത്.
Content Highlights:crime branch interrogated Dileep in actress assault case