കൊച്ചി: കോവിഡ് പരിശോധനാഫലം വരാൻ വൈകിയതിനെ തുടർന്ന് അടച്ചിട്ട മരട് നഗരസഭാ ഓഫീസ് വ്യാഴാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. ചൊവ്വാഴ്ച രാത്രി കോവിഡ് പരിശോധനാഫലം വന്നപ്പോൾ ഇരുപതോളം ജീവനക്കാരും അഞ്ച് കൗൺസിലർമാരും പോസിറ്റീവായിരുന്നു. എന്നാൽ, നിലവിലെ സർക്കാർ മാനദണ്ഡമനുസരിച്ച് ഇവരുടെ ക്വാറന്റീൻ കാലാവധി കഴിഞ്ഞതിനാൽ ഇവരും ഡ്യൂട്ടിയ്ക്കെത്തുമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരട് നഗരസഭയിലെ ജീവനക്കാരും കൗൺസിലർമാരും ഉൾപ്പെടെ 58 പേർ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തിയത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഫലം വരാത്തതിനാൽ നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇന്നലെ എറണാകുളം ഡി.എം.ഒ. ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് രാത്രി ഫലം പുറത്തുവന്നു.
ഫലം വരാതിരുന്ന സാഹചര്യത്തിൽ രണ്ട് ദിവസമായി മരട് നഗരസഭ അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ ജോലികൾക്കായി ജീവനക്കാർ ഓഫീസിൽ വരുന്നുണ്ട്. സുരക്ഷയെ കരുതിയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാത്തത്. നാളെ അവധി ആയതിനാൽ വ്യാഴാഴ്ച മുതലാകും പ്രവർത്തനം ആരംഭിക്കുക. രോഗലക്ഷണമുള്ള ജീവനക്കാർ ഒഴികെയുള്ളവർ ജോലിക്കെത്തും -നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ലോക്ഡൗണിന് സമാനമായ സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നതെന്നും സ്വകാര്യ ലാബുകളെ സഹായിക്കാനാണ് റിസൽറ്റുകൾ വൈകിക്കുന്നതെന്നും ആന്റണി ആശാൻ പറമ്പിൽ ആരോപിച്ചു. അതേസമയം, കോവിഡ് ബാധിച്ചതിനെ തുടർന്ന് ജീവനക്കാർ ക്വാറന്റീനിലായതാണ് റിസൽറ്റ് ?വൈകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.