കൊച്ചി: ലോകായുക്ത ഓർഡിനൻസ് ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവർണർക്ക് കത്തയച്ചു. സർക്കാരിനെതിരായ കേസുകളിൽ നിന്ന് സർക്കാരിനെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് ലോകായുക്തയുമായി ബന്ധപ്പെട്ട് പുതിയ ഓർഡിനൻസ് കൊണ്ടുവരുന്നതെന്നും ഭേദഗതി നടപ്പിലാക്കിയാൽ ലോകായുക്തയുടെ പ്രസക്തി തന്നെ നഷ്ടമാകുമെന്നും വി ഡി സതീശൻ പറഞ്ഞു.
ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉണ്ട്. ഇത്രയും വലിയ ഭേദഗതി നടത്തിയിട്ടും പ്രതിപക്ഷത്തെയോ പ്രതിപക്ഷ നേതാവിനെയോ അറിയിച്ചിട്ടില്ല. രഹസ്യ സ്വഭാവത്തോടുകൂടിയാണ് ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്. അർധരാത്രിയാണ് ഓർഡിനൻസിന്റെ കോപ്പി ലഭിച്ചത്. തുടർന്ന് രാവിലെ തന്നെ ഗവർണർക്ക് ഭേദഗതി ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തയക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെങ്കിൽ മുൻകൂർ അനുമതി വേണമെന്ന സാഹചര്യം വന്നതോടുകൂടി അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഏക ആശ്രയമായിരുന്നത് ലോകായുക്തയാണ്. ലോകായുക്ത കൊടുക്കുന്ന ശുപാർശകൾ, നിർദ്ദേശങ്ങൾ എന്നിവ പൂർണമായും അനുസരിക്കാൻ സർക്കാരിനും ബന്ധപ്പെട്ടവർക്കും ഉത്തരവാദിത്തമുണ്ട്. അതിൽ വെള്ളം ചേർത്ത് ഇനിമുതൽ ലോകായുക്തയുടെ തീരുമാനങ്ങളും ശുപാർശകളും സർക്കാരിന് ഹിയറിങ് നടത്തി വേണമെങ്കിൽ സ്വീകരിക്കാം എന്നതായി മാറുകയാണ്.
ഇതോടെ മന്ത്രിമാർക്കെതിരേ അഴിമതി ആരോപണം വന്ന് ലോകായുക്തയിൽ പോയാൽ ലോകായുക്തയുടെ തീരുമാനം തിരിച്ച് മുഖ്യമന്ത്രിയുടെ കൈയിൽ വന്നാൽ മുഖ്യമന്ത്രിക്ക് ഹിയറിങ് നടത്തി മന്ത്രിമാർക്കെതിരായി നടപടി വേണ്ടായെന്ന് തീരുമാനിക്കാം. ഉദ്യോഗസ്ഥന്മാർക്കെതിരായി ലോകായുക്തയുടെ തീരുമാനം വന്നാൽ സർക്കാരിന് നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കാം. ഇതോടുകൂടി ലോകായുക്തക്ക് യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്തയായി തിരഞ്ഞെടുക്കുകപ്പെടുന്നത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ആളോ അല്ലെങ്കിൽ സുപ്രീംകോടതിയുടെ ജഡ്ജി ആയിരുന്നു ആളോ ആയിരിക്കണം എന്നതായിരുന്നു. ഇപ്പോൾ അത് മാറ്റി ഏതെങ്കിലും ജഡ്ജി ആയാൽ മതി എന്നത് മാത്രമാക്കി മാറ്റിയിരിക്കുകയാണ്. വെറും പ്രാദേശിക പാർട്ടിയായി മാറുകയാണ് സി പി എം. സി പി എമ്മിന്റെ കേന്ദ്രനിലപാടിനെതിരായ തീരുമാനവുമായാണ് സംസ്ഥാന സർക്കാർ നീങ്ങുന്നത്. ഇപ്പോൾ ഇഷ്ടമുള്ള ആളുകളെ നിയമിക്കാമെന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:Leader of the Opposition has sent a letter to the Governor requestingnot to sign the Lokayukta Ordinance