പൊന്നാനി: ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് ഇനി കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്രാ പാസ് അനുവദിക്കും. 2016-ലെ ആർ.പി.ഡബ്ലിയു.ഡി. ആക്ടിൽ (റൈറ്റ് ടു പേഴ്സൺസ് വിത്ത് ഡിസെബിലിറ്റി ആക്ട്) പ്രതിപാദിച്ചിട്ടുള്ള 17-തരം വൈകല്യങ്ങൾ ഉള്ളവർക്കൂടി കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര അനുവദിക്കാൻ തീരുമാനിച്ചതോടെയാണിത്.
ഭിന്നശേഷി അവകാശനിയമത്തിൽ പ്രതിപാദിക്കുന്ന എല്ലാ ഭിന്നശേഷിക്കാർക്കും യാത്രാ ആനൂകൂല്യം നിലവിൽ ലഭ്യമായിരുന്നില്ല. നിയമത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും ആനൂകൂല്യം ലഭ്യമാക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഉത്തരവിട്ടിരുന്നു. തുടർന്നാണ് കൂടുതൽ വിഭാഗങ്ങൾക്ക് യാത്രാനിരക്കിൽ ഇളവ് അനുവദിക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചത്.
കാഴ്ചക്കുറവുള്ളവർ, കുഷ്ഠരോഗം ഭേദമായവർ, കേൾവിത്തകരാറുള്ളവർ, ശരീരവളർച്ച മുരടിച്ചവർ (വാമനത്വം), മാനസിക രോഗമുള്ളവർ എന്നിവർക്കും ഓട്ടിസം, മസ്കുലർ ഡിസ്ട്രോഫി, ക്രോണിക് ന്യൂറോളജിക്കൽ കണ്ടിഷൻ, പ്രത്യേകതരം പഠനവൈകല്യം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സംസാര ഭാഷാ വൈകല്യം, തലസ്സീമിയ, ഹീമോഫീലിയ, സിക്കിൾസെൽ (അരിവാൾരോഗം), ബഹുവൈകല്യം, പാർക്കിൻസൺസ് രോഗം തുടങ്ങിയ ബാധിച്ചവർക്കും ഇനി യാത്രാ ആനുകൂല്യം ലഭിക്കും.
അന്ധത, ശാരീരിക വൈകല്യം, സെറിബ്രൽ പാൾസി, ബുദ്ധിവൈകല്യം തുടങ്ങിയവയുള്ളവർക്കാണ് ഭിന്നശേഷി വിഭാഗത്തിൽ ഇതുവരെ യാത്രാ ആനുകൂല്യം ലഭിച്ചിരുന്നത്. ഇനി ഭിന്നശേഷി അവകാശനിയമത്തിൽ പറയുന്ന 21 തരം ആളുകൾക്കും നിരക്ക് ഇളവ് ലഭിക്കും.
40 ശതമാനത്തിന് മുകളിൽ അവശത അനുവഭിക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവാണ് അനുവദിക്കുക. സിറ്റി, ഓർഡിനറി, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിലാണ് താമസിക്കുന്ന സ്ഥലത്തുനിന്ന് പരമാവധി 40 കിലോമീറ്റർ വരെ യാത്ര ചെയ്യുന്നതിനാണ് നിരക്ക് ഇളവ് ലഭിക്കുക. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് സഹിതമാണ് യാത്രാപാസിന് അപേക്ഷിക്കേണ്ടത്.
Content Highlights:ksrtc free travel pass for acid attack victims