തിരുവനന്തപുരം: ഡിവൈഎഫ്ഐക്കെതിരെ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ് എന്നാണ് വിമർശനം. പത്തനംതിട്ട കൊടുമണ്ണിലെ അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഐ നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗം വിമർശനം ഉന്നയിച്ചിരിക്കുന്നത്.
കൊടുമണ്ണിൽ കണ്ടത് ഫാസിസ്റ്റുകളുടെ നീതിയാണെന്നും ഇത്തരം അക്രമങ്ങളെ എൽഡിഎഫ് ഒറ്റപ്പെടുത്തണമെന്നും സിപിഐ ആവശ്യപ്പെടുന്നു. ഇടതുമുന്നണിയെ ഗുണ്ടകളുടെ താവളമാക്കി മാറ്റരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അക്രമം മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുണ്ടകളുടെ രീതിയാണെന്നും വിമർശിക്കുന്നു. ബഹുകക്ഷി രാഷ്ട്രീയത്തിൽ സംഘർഷങ്ങൾ സാധാരണമാണ്. എന്നാൽ അത് അക്രമത്തിലേക്ക് പോകുന്നതും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ഹീനമായ ഗുണ്ടാ പ്രവർത്തനത്തിലേക്ക് തരംതാഴുന്നതിന്റെ സൂചനയാണെന്നും വിമർശിക്കുകയാണ് മുഖപ്രസംഗം.
വർഗീയ കക്ഷികൾ രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം പ്രവർത്തികൾ ചെയ്ത് ജനങ്ങളുടെ ഉള്ളിൽ ഭീതി പരത്തുന്നതിന് ഉപയോഗിക്കുന്നത് ഇതേ ഫാസിസ്റ്റ് തന്ത്രമാണെന്ന് കടുത്ത നിലപാടും മുഖപ്രസംഗത്തിൽ കാണാം. കൊടുമണ്ണിൽ സിപിഐ നേതാക്കളെ അക്രമിച്ചത് അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകരല്ലെന്നും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയുടെ ലേബലിൽ വന്ന ഗുണ്ടാസംഘമാണെന്നും ലേഖനത്തിൽ പറയുന്നു.
അക്രമം നടത്തിയവരെ കുറ്റപ്പെടുത്താനോ സംഭവത്തെ അപലപിക്കാനോ രാഷ്ട്രീയ നേതൃത്വം തയ്യാറാകാത്തിടത്തോളം അത്തരം ഗുണ്ടകൾക്ക് അവർ താവളമൊരുക്കുന്നുവെന്ന് വേണം മനസ്സിലാക്കാൻ. ജനങ്ങളുടെ സുരക്ഷ ഉറപ്പ് നൽകുന്ന ഒരു മുന്നണിയുടെ ഭാഗമായ സംഘടനയുടെ പേരിൽ അരങ്ങേറിയ അക്രമങ്ങൾ മുന്നണിക്കും സർക്കാരിനും ഒരുപോലെ ദോഷം ചെയ്യുന്നതാണ്. ഇടത് മുന്നണിയുടെ ഭാഗമായ കക്ഷികളോ അവരുടെ ബഹുജന സംഘടനകളോ ഒരിക്കലും ഗുണ്ടകളുടെ താവളമായിക്കൂട.
കേരളത്തിൽ മുന്നണി പ്രവർത്തകരുടെ മാത്രം പ്രവർത്തനം കൊണ്ടല്ല വോട്ട് നേടി അധികാരത്തിലെത്തിയത്. മുന്നണി പ്രവർത്തകരുടെ വോട്ട് കൊണ്ട് മാത്രം അത്തരമൊരു മഹാവിജയം സാധ്യമല്ല. സാധാരണക്കാരുടെ കൂടി പങ്ക് വിജയത്തിന് പിന്നിലുണ്ട്. എന്നാൽ മുന്നണിയോ ബഹുജനസംഘടനകളോ ഗുണ്ടകളുടെ താവളമാകുന്നത് ഇടതുപക്ഷത്തേയും സർക്കാരിനേയും ഒറ്റപ്പെടുത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കും. അക്രമത്തിലൂടെ എല്ലാവരേയും എല്ലാക്കാലവും നിയന്ത്രിച്ച് നിർത്താൻ കഴിയില്ലെന്ന് തിരിച്ചറിയണമെന്നും ലേഖനത്തിൽ വ്യക്താക്കുന്നു.
Content Highlights:CPIsJanayugam with criticism against DYFI