കൊച്ചി
നടിയെ ആക്രമിച്ചത് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളുടെ ചോദ്യംചെയ്യൽ 22 മണിക്കൂർ പൂർത്തിയായി. തിങ്കളാഴ്ച സംവിധായകരായ റാഫി, അരുൺ ഗോപി, ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മാനേജർ, മറ്റ് രണ്ട് ജീവനക്കാർ എന്നിവരെ അന്വേഷകസംഘം ക്രൈംബ്രാഞ്ച് ഓഫീസിൽ വരുത്തി മൊഴിയെടുത്തു.
സംവിധായകൻ പി ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത ദിലീപിന്റെയും കൂട്ടരുടെയും സംഭാഷണം റാഫി, അരുൺ ഗോപി എന്നിവരെ കേൾപ്പിച്ചു. ശബ്ദ സാമ്പിൾ ശാസ്ത്രീയപരിശോധനയ്ക്ക് അയക്കുന്നതിന്റെ ഭാഗമാണിതെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ പറഞ്ഞു. ദിലീപിന്റെ സഹാേദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരെ പ്രത്യേകം ചോദ്യം ചെയ്തു. സാക്ഷികളെ സ്വാധീനിക്കാൻ ഇരുവരും ഇടപെട്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പണമായും കായികമായും ഇടപെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തിയതിന്റെ സ്ഥിരീകരണത്തിനാണ് ചോദ്യം ചെയ്തത്. സുരാജിന്റെ വരുമാനസ്രോതസ്സും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനാൽ അതിനനുസൃതമായ ചോദ്യങ്ങളാണ് ചൊവ്വാഴ്ച നേരിടേണ്ടി വന്നത്. തിങ്കളാഴ്ച 11 മണിക്കൂർ ചോദ്യം ചെയ്തശേഷം രാത്രി എട്ടിന് പ്രതികളെ വിട്ടയച്ചു. ചൊവ്വയും ചോദ്യംചെയ്യൽ തുടരും. നടി ആക്രമണക്കേസിൽ സാക്ഷി വിസ്താരവും ചൊവ്വാഴ്ച നടക്കും.